റിയോ ഡി ജനീറോ: കായിക വേദിയിൽ ലിംഗസമത്വം അനുവദിക്കണമെന്നാവശ്യപ്പെട്ട് റിയോയിൽ ഒറ്റയാൾ പ്രക്ഷോഭം. ഇറാന്റെ നടപടിക്കെതിരെയാണ് ഒളിംപിക് വേദിയിൽ പ്രതിഷേധ സ്വരമുയർന്നത്. റിയോയിലെ വോളി ബോൾ മത്സരവേദിയിലായിരുന്നു പ്രതിഷേധം. ഈജിപ്റ്റും ഇറാനും തമ്മിലുളള മത്സരം പുരോഗമിക്കുന്നതിനിടെ കാണികൾക്കിടയിൽ നിന്ന് പെട്ടെന്ന് ഒരു വനിത പ്രതിഷേധ മുദ്രാവാക്യങ്ങളും ബാനറുമായി എഴുന്നേറ്റു. നാടകീയമായി.ആവശ്യം ഇത്രമാത്രം. കായിക മത്സരങ്ങൾ ആസ്വദിക്കാൻ ഇറാനിയൻ വനിതകൾക്കും അവസരം നൽകണം.

ഇറാനിൽ വർഷങ്ങളായി തുടരുന്ന വിലക്കിനെതിരെ ഒറ്റപ്പെട്ട ശബ്ദമുയർത്തിയത് ദര്യ സഫായ്. ഇറാനിയൻ വനിതകളെ അടിച്ചമർത്തുന്നതിനെതിരെ വർഷങ്ങളായി ശബ്ദമുയർത്തുന്ന ഇറാനിയൻ വനിതയാണ് ദര്യ. ഇറാനിൽ പുരുഷന്മാരുടെ മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിക്കാൻ വനിതകൾക്ക് വിലക്കുണ്ട്. ഈ വിലക്കിന്റെ തുടർച്ചയെന്നോണം ഇറാനിയൻ വനിതകളാരും ആഗ്രഹമുണ്ടെങ്കിൽപ്പോലും ഒളിംപിക്സ് കാണാനെത്താറില്ല.

റിയോയിലും ഇതുതന്നെ കഥ. വ്യവസ്ഥിതി മാറണമെന്ന ആവശ്യത്തോടെയാണ് കായിക മാമാങ്കവേദിയിൽ ലോകത്തിന്റെ പിന്തുണക്കായി ദര്യ ഒറ്റപ്പെട്ടതെങ്കിലും ശക്തമായ ശബ്ദമുയർത്തിയത്. ദര്യയുടെ പ്രതിഷേധം കണ്ട് പിടിച്ചുമാറ്റാൻ സുരക്ഷാ ജീവനക്കാരും പൊലീസുമൊക്കയെത്തി. പിടിച്ചുമാറ്റാൻ തുനിഞ്ഞെങ്കിലും ദര്യ പ്രതിഷേധം തുടർന്നു. ഒടുവിൽ ശ്രമമുപേക്ഷിച്ച് പൊലീസ് തിരിച്ചുപോയി. തനിക്ക് ലോകത്തിന്റെ പിന്തുണ കിട്ടും വരെ ഈ ഒറ്റയാൾ പോരാട്ടം തുടരാനാണ് ദര്യയുടെ നീക്കം.