റിയോ: റിയോ ഒഒളിംപിക്‌സ് ഫുട്‌ബോളിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ബ്രസീലിന് സമനിലക്കുരുക്ക്. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ബ്രസീല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഗോള്‍രഹിത സമനില വഴങ്ങി.

സൂപ്പര്‍ താരം നെയ്മറുടെ നേതൃത്വത്തിലിറങ്ങിയ മഞ്ഞപ്പട മികച്ച പോരാട്ടം പുറത്തെടുത്തെങ്കിലും ഗോള്‍ നേടാനായില്ല. 60-മത്തെ മിനിറ്റില്‍ മോത്തോബി മവലാ പുറത്തുപോയതോടെ പത്തുപേരായി ചുരുങ്ങിയ ദക്ഷിണാഫ്രിക്ക ബ്രസീലിനെ പിടിച്ചുനിര്‍ത്തുകയായിരുന്നു. ഇറാക്കിനെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിറമാര്‍ന്ന കിരീടങ്ങള്‍ ചൂടിയിട്ടുള്ള ബ്രസീലിന് ഇതുവരെ ഒളിമ്പിക് സ്വര്‍ണം നേടാനായിട്ടില്ല.