Asianet News MalayalamAsianet News Malayalam

സാക്ഷിക്കും സിന്ധുവിനും ഖേല്‍ രത്ന

Rio 2016 Sakshi All Set to Get Khel Ratna After Olympic Medal
Author
First Published Aug 18, 2016, 6:54 PM IST

ദില്ലി: റിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഗുസ്തി താരം സാക്ഷി മാലിക്കിനും ബാഡ്മിന്റണ്‍ ഫൈനലിലെത്തി മെഡലുറപ്പിച്ച പി.വി.സിന്ധുവിനും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍ രത്ന പുരസ്കാരം നല്‍കും. റിയോ ഒളിംപിക്‌സില്‍ രാജ്യത്തിന്റെ അഭിമാനമായതിന് തൊട്ടുപിന്നാലെയാണ് കായികമന്ത്രാലയത്തിന്റെ നാടകീയ തീരുമാനം.

റിയോ ഒളിംപിക്‌സ് ജിംനാസ്റ്റിക്‌സില്‍ ഫൈനലിലെത്തുകയും അഭിമാനകരമായ നാലാം സ്ഥാനം നേടുകയും ചെയ്ത ദിപ കര്‍മാക്കറിനും ഷൂട്ടിംഗ് ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനക്കാരനും ലണ്ടന്‍ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവുമായിരുന്ന ജിത്തു റായിക്കും ഖേല്‍ രത്ന നല്‍കാനായിരുന്നു കായിക മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ രണ്ട് താരങ്ങളെ അവഗണിച്ച് രാജ്യത്തെ പരമോന്നത കായിക ബഹുമതി മറ്റ് രണ്ടുപേര്‍ക്ക് നല്‍കുന്നത് നീതികേടാകുമെന്ന് ചൂണ്ടിക്കാട്ടപ്പെട്ട പശ്ചാത്തലത്തിലാണ് കായികമന്ത്രാലയത്തിന്റെ നടപടി.

ഗുസ്തിയില്‍ വെങ്കലം നേടിയ സാക്ഷി മാലിക്കിന് ഇതുവരെ അര്‍ജ്ജുന അവാര്‍ഡ് പോലും നല്‍കിയിട്ടില്ല. എങ്കിലും ഒളിംപിക് മെഡല്‍ നേടിയ പശ്ചാത്തലത്തില്‍ സാക്ഷിയെ നേരിട്ട് ഖേല്‍ രത്നയ്‌ക്കായി കായികമന്ത്രാലയം പരിഗണിക്കുകയായിരുന്നു. ഒളിംപിക് വര്‍ഷത്തില്‍ മെഡല്‍ നേടുന്ന കായിക താരങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന കായികനയംകൂടി പരിഗണിച്ചാണ് മന്ത്രാലയത്തിന്റെ നടപടി.

Follow Us:
Download App:
  • android
  • ios