റിയോ ഒളിമ്പിക്സിന് തിരിതെളിയാന്‍ ഇനി ഒരു മാസം മാത്രം. ഓഗസ്റ്റ് അഞ്ചിനാണ് ഒളിമ്പിക്‌സിന് തുടക്കമാവുക.

കായികലോകം കാത്തിരിക്കുന്ന മഹാമേളയ്‌ക്ക് ഇനി ഒരുമാസത്തിന്‍റെ മാത്രം അകലം. ലോകകപ്പ് ഫുട്ബോള്‍ ഫൈനലുകള്‍ക്ക് വേദിയായ മാരക്കാന സ്റ്റേഡിയത്തില്‍ ഒളിംപിക് ദീപം ജ്വലിക്കുമ്പോള്‍ പെരും പോരാട്ടങ്ങളുടെ 16 പകലിരവുകള്‍ക്ക് തുടക്കം.

ഇരുന്നൂറ്റിയാറ് രാജ്യങ്ങളില്‍ നിന്നുള്ള പതിനായത്തി അഞ്ഞൂറ് കായികതാരങ്ങള്‍. 28 ഇനങ്ങളിലായി 306 മെഡലുകള്‍. സിറിയയിലെയും സുഡാനിലെയും എത്യോപ്യയിലെയും കോംഗോയിലെയും പത്ത് അഭയാര്‍ഥികള്‍ ഒളിംപിക് പതാകയ്‌ക്ക് കീഴില്‍ ആദ്യമായി അണിനിരക്കുന്നതും 112 വര്‍ഷത്തിന് ശേഷം ഗോള്‍ഫും 92 വര്‍ഷത്തിന് ശേഷം റഗ്ബി സെവന്‍സും മത്സര ഇനമായി തിരിച്ചെത്തുന്നതും വടക്കേ അമേരിക്ക വേദിയാകുന്ന ആദ്യ ഒളിമ്പിക്‌സിന്റെ പ്രത്യേകത. ബ്രസീലിലെ കോപ്പ കബാന, ബാഹ, ഡിയോ ഡാരു എന്നീ മേഖലകളിലാണ് മത്സരങ്ങള്‍. സിക്ക വൈറസ് ഭീഷണിക്കും സാമ്പത്തിക പ്രതിസന്ധികള്‍ക്കുമിടയിലും ഒരുക്കങ്ങളെല്ലാം അവസാന ലാപ്പിലെന്ന് സംഘാടകര്‍. ചരിത്രത്തിലെ എക്കാലത്തേയും വലിയ സംഘവുമായി ഇന്ത്യയും തയ്യാര്‍. കഴിഞ്ഞ രണ്ട് ഒളിംപിക്‌സിലെയും വേഗരാജാവായ ഉസൈന്‍ ബോള്‍ട്ട് റിയോയിലെ ട്രാക്കിലിറങ്ങുമോ എന്നത് മാത്രമാണ് ആശങ്ക.