റിയോ: മാരക്കാന സ്‌റ്റേഡിയത്തില്‍ നടന്ന ഒളിംപിക്സ് മാര്‍ച്ച് പാസ്റ്റില്‍ എല്ലാവരുടെയും ഹൃദയം കവര്‍ന്ന ടീം ആര്. 206 രാജ്യങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകള്‍ പങ്കെടുത്ത മാര്‍ച്ച പാസ്റ്റില്‍ അഭയാര്‍ത്ഥികളുടെ ഒളിംപിക്സ് ടീമിനെ എഴുന്നേറ്റ് നിന്നാണ് സ്റ്റേഡിയം വരവേറ്റത്. ഒളിമ്പിക് പതാകയേന്തിയാണ് 10 അഭയാര്‍ത്ഥികള്‍ ഒളിംപിക്സ് ടീമായി എത്തിയത്.

സ്വതന്ത്ര അത്‌ലറ്റുകള്‍ എന്ന നിലയിലാകും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ ഒന്നിച്ച ടീം മത്സരിക്കുക. സിറിയയില്‍ നിന്നും ജര്‍മ്മനിയില്‍ കുടിയേറിയ 18 കാരിയ യുസ്ര മര്‍ദ്ദിനിയാണ് ഈ ടീമിലെ ഏറ്റവും പ്രധാന താരം. 200 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ നീന്തലിലാണ് ഇവര്‍ മത്സരിക്കുന്നത്. കോംഗോയില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും അഭയാര്‍ത്ഥി ടീമിന് മത്സരാര്‍ത്ഥികളുണ്ട്.

ദശലക്ഷക്കണക്കിനുള്ള അഭയാര്‍ത്ഥികള്‍ക്കുള്ള പ്രതീക്ഷയാണ് അഭയാര്‍ത്ഥി അത്‌ലറ്റുകള്‍ എന്നായിരുന്നു അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി തലവന്‍ തോമസ് ബാക്ക് പറഞ്ഞത്.