Asianet News MalayalamAsianet News Malayalam

വാന്‍ഡര്‍ ലീ ലിമ: ഒളിംപിക് ദീപം തെളിയിച്ച പോരാളി

Rio Olympics 2016 - Vanderlei de Lima lights cauldron
Author
Rio de Janeiro, First Published Aug 6, 2016, 3:53 AM IST

റിയോ ഡി ഷാനെറോ: ലാറ്റിനമേരിക്കന്‍ മണ്ണിലെ ആദ്യ ഒളിമ്പിക്‌സിന് ദീപം തെളിഞ്ഞു. ബ്രസീലിന്‍റെ മാരത്തണ്‍ താരം വാന്‍ഡര്‍ ലീ ലിമയാണ് ഒളിമ്പിക് ദീപം തെളിയിച്ചത്. 2004 ഒളിമ്പിക്‌സില്‍ മാരത്തണില്‍ വെങ്കലം നേടിയ താരമായിരുന്നു വാന്‍ഡര്‍ ലീ ലിമ.

ഏല്ലാ പ്രതിസന്ധികളെയും വെല്ലുവിളിച്ച് വിജയത്തില്‍ എത്തുന്ന മനുഷ്യന്‍റെ പ്രതീകം ലോകത്തിന് സമ്മാനിക്കുകയാണ് വാന്‍ഡര്‍ ലീ ലിമയെ ദീപം തെളിയിക്കാന്‍ ക്ഷണിക്കുന്നതിലൂടെ ബ്രസീല്‍ ചെയ്തത്. 2004 ഏഥന്‍സ് ഒളിംപിക്സില്‍ മാരത്തോണില്‍ സ്വര്‍ണ്ണം നേടുമെന്ന് ഉറപ്പിച്ച താരമായിരുന്നു ലിമ, എന്നാല്‍ മൂന്ന് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ലിമയെ കാണികളുടെ കൂട്ടത്തില്‍ നിന്നും ഒരു ആക്രമി തള്ളിയിട്ടു. 

മത്സരം പോലും പൂര്‍ത്തിയാക്കുവാന്‍ സാധിക്കില്ലെന്ന ഈ അവസ്ഥയില്‍, പക്ഷെ ലിമ വിജയം കുറിച്ചു സ്വര്‍ണ്ണമല്ല വെങ്കലം. എങ്കിലും പിന്നില്‍ നിന്നും പൊരുതി മുന്നില്‍ എത്തുന്ന മനുഷ്യ ശക്തിയുടെ പ്രതീകമായി ലിമ, ആ വെങ്കലത്തിന് സ്വര്‍ണ്ണത്തിന്‍റെ തിളക്കവും.

അതേ സമയം സ്പോണ്‍സര്‍മാര്‍ ചുവപ്പ് കാര്‍ഡ് കാണിച്ചതാണ് ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലൈയ്ക്ക് ഒളിംപിക്സ് ദീപം തെളിയിക്കാനുള്ള അവസരം പോകുവാന്‍ കാരണം എന്ന് റിപ്പോര്‍ട്ടുണ്ട്. അനാരോഗ്യത്തെ തുടര്‍ന്നാണ് പിന്‍മാറ്റമെന്ന് പെലെയുടെ വക്താവ് അറിയിച്ചത്. ഒളിംപിക് ദീപം തെളിക്കാന്‍ പെലെയെ സംഘാടകര്‍ ക്ഷണിച്ചിരുന്നു. 

പങ്കെടുക്കാന്‍ കഴിയാത്തതില്‍ ആരാധകരോട് ക്ഷമ ചോദിക്കുന്നതായി പെലെ അറിയിച്ചു. എന്നാല്‍ സ്‌പോണ്‍സര്‍മാര്‍ സമ്മതിക്കാത്തതാണ് പെലെയുടെ പിന്‍മാറ്റത്തിനു കാരണമെന്നാണ് കരുതുന്നത്. ഇതോടെയാണ് ഒരിക്കലും ഒളിംപിക്സില്‍ പങ്കെടുത്തിട്ടില്ലാത്ത പെലെയ്ക്ക് പകരം ലിമയ്ക്ക് അവസരം ഒരുങ്ങിയത് എന്ന് കരുതുന്നു.

 
 

Follow Us:
Download App:
  • android
  • ios