റിയോ ഡി ജനീറോ: റിയോ ഒളിംപിക്സ് പാതിവഴി പിന്നിട്ടിട്ടും മെഡല്‍ പട്ടികയില്‍ ഇന്ത്യയുടെ പേര് കണ്ടെത്താന്‍ പാടുപെട്ട ചൈനയിലെ ദേശീയ മാധ്യമം, ഒളിംപിക്സില്‍ എന്തുകൊണ്ട് ഇന്ത്യ മെഡല്‍ നേടുന്നില്ലെന്നതിനെക്കുറിച്ച് ഒരു പഠനം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. 130 കോടി ജനങ്ങളുണ്ടായിട്ടും ഒളിംപിക്സില്‍ എന്തുകൊണ്ട് ഇന്ത്യ തുടര്‍ച്ചയായി മോശം പ്രകടനം തുടരുന്നു എന്നതിനെ അടിസ്ഥാനമാക്കി ആയിരുന്നു ആ റിപ്പോര്‍ട്ട്. അതില്‍ പറഞ്ഞിരുന്ന പ്രധാന കാരണങ്ങള്‍ ഇതായിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ദാരിദ്ര്യം, പെണ്‍കുട്ടികള്‍ക്ക് കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള തടസങ്ങള്‍, ആണ്‍കുട്ടികളെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ആക്കാനുള്ള വ്യഗ്രത, ക്രിക്കറ്റിന് കൊടുക്കുന്ന അമിത പ്രാധാന്യം, ഹോക്കിയിലെ പ്രതാപം മങ്ങിയത്, ഗ്രാമീണ ഇന്ത്യയില്‍ ഒളിംപിക്സ് പോലുള്ള കായികമാമാങ്കം നടക്കുന്നു എന്നുപോലും അറിയാത്ത ജനങ്ങള്‍ പിന്നെ കായിക സംസ്കാരത്തിന്റെ അഭാവം. നമ്മുടെ കായിക മന്ത്രാലയം പോലും ഇതുവരെ മെനക്കെടാത്ത ഒരുകാര്യത്തിന് എന്തിനാണ് അയല്‍ക്കാരന്‍ പത്രം ഇറങ്ങിപ്പുറപ്പെട്ടതെന്ന് സ്വാഭാവികമായും നമുക്ക് ചോദിക്കാം. ആ ചോദ്യത്തില്‍ തന്നെ അതിനുള്ള ഉത്തരവുമുണ്ട്. സി.ഗോപാലക‍ൃഷ്ണന്‍ എഴുതുന്നു.

ഇന്ത്യയിലെ കായികസംഘടനകളുടെ തലപ്പത്തിരിക്കുന്നവരോ എന്തിന് കേന്ദ്ര സര്‍ക്കാരോ പോലും ഗൗരവാമായി ഇതുവരെ നടത്താത്ത പഠനം ഒരു ചൈനീസ് മാധ്യമം നടത്തി പുറത്തുവിട്ടുവെന്ന് പറയുന്നതുതന്നെ കായിക ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയുടെ നേര്‍ചിത്രമാണ്. ഒരോ നാലുവര്‍ഷം കൂടുമ്പോഴും ഒരുപാട് പ്രതീക്ഷകളുമായി നമ്മള്‍ ഒളിംപിക്സിന് പോകുന്നു. ചില വ്യക്തിഗത പ്രകടനങ്ങളുടെ മികവില്‍ മെഡല്‍ പട്ടികയില്‍ പേരിന് ഇടം നേടി തിരിച്ചുവരുന്നു. കാലങ്ങളായി തുടരുന്ന പതിവാണിത്. റിയോയിലെങ്കിലും അതിന് മാറ്റമുണ്ടാകുമെന്ന് രാജ്യം പ്രതീക്ഷിച്ചു. എന്നാല്‍ സിന്ധുവിന്റെയും സാക്ഷിയുടെയും വ്യക്തിഗത മികവിന്റെ പേരില്‍ നേടിയ രണ്ടു മെഡലുകളുടെ പിന്‍ബലത്തില്‍ നമ്മള്‍ നാണം മറച്ച് തിരിച്ചുവന്നു. 206 രാജ്യങ്ങള്‍ പങ്കെടുത്ത കായിക മാമാങ്കത്തില്‍ 67-ാം സ്ഥാനമെന്നത് അത്ര മോശമൊന്നുമല്ലെന്ന് നമ്മുടെ കായികഭരണാധികാരികള്‍ക്ക് അഭിമാനിക്കാം.

സാന്നിധ്യമാണോ സമ്മാനം ?

മെഡല്‍ നേടിയ സിന്ധുവിനെയും സാക്ഷിയെയും ഒഴിച്ചു നിര്‍ത്തിയാല്‍ ദിപ കര്‍മാക്കറെയും അഭിനവ് ബിന്ദ്രയെയും അതാനു ദാസിനെയും ഒ.പി.ജെയ്ഷയെയും ടി.ഗോപിയെയും പോലുള്ള അപൂര്‍വം ചിലരൊഴിച്ചാല്‍ റിയോയിലെ സാന്നിധ്യമാണ് സമ്മാനമെന്ന ആപ്തവാക്യം മുറുകെ പിടിച്ച് മത്സരിച്ചിവരായിരുന്നു ഇന്ത്യയുടെ പ്രമുഖ താരങ്ങളെല്ലാം. ലണ്ടനില്‍ ആറ് മെഡലുമായി എക്കാലത്തെയും മികച്ച നേട്ടം കൊയ്ത ഇന്ത്യയില്‍ ഇത്തവണ ഏറെ പ്രതീക്ഷയുണ്ടായിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ കാലത്ത് മെഡല്‍പ്പട്ടികയില്‍ ഇന്ത്യ രണ്ടക്കം കടന്നാല്‍ പോലും അത്ഭുതപ്പേടേണ്ടെന്ന് കരുതിയവരാണ് ഏറെയും. ഷൂട്ടിംഗ്, ബോക്സിംഗ്, ഗുസ്തി, അമ്പെയ്ത്ത് താരങ്ങളിലായിരുന്നു ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷ.

എന്നാല്‍ ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്ര ഒഴികയെുള്ളവരെല്ലാം 'വെടി വഴിപാട്' നടത്തി പുറത്തായി. ലണ്ടനിലെ വെങ്കല മെഡല്‍ ജേതാവായ ജിത്തു റായ് ആയിരുന്നു തീര്‍ത്തും നിരാശപ്പെടുത്തിയ താരം. പതിവുപോലെ ഉറച്ച മെഡല്‍ പ്രതീക്ഷയുമായി വില്ലുകുലച്ച അമ്പെയ്ത്ത് സംഘത്തിലെ ദീപികാ കുമാരിയും ബൊംബെയ്‌ലെ ദേവിയും അവരുടെ ഇനങ്ങളില്‍ സെമിയില്‍ പോലും കടന്നില്ല. ക്വാര്‍ട്ടറിലെത്തിയ അതാനുദാസിന്റെ പ്രകടനം മാത്രമാണ് അല്‍പമെങ്കിലും അഭിമാനകരമായി ഉണ്ടായിരുന്നത്. ബോക്സിംഗ് താരങ്ങളും ക്വാര്‍ട്ടറിനപ്പുറം കടന്നില്ല. ഗുസ്തിയില്‍ നല്‍സിംഗിന്റെ വിലക്കും യോഗേശ്വര്‍ ദത്തിന്റെ പുറത്താകലും ഇന്ത്യയെ ഗോദയിലും മലര്‍ത്തിയടിച്ചു. പരിക്കിന്റെ പിടിയില്‍ നിന്ന് മുക്തയാവാത്ത സൈനയും പ്രതീക്ഷകളുടെ ഭാരവുമായിറങ്ങിയ സാനിയയുമെല്ലാം വലിയ നിരാശകളായി.

യോഗ്യതയ്ക്കപ്പുറം എന്ത് ?

കൂടുതല്‍ വേഗത്തില്‍, ഉയരത്തില്‍, കരുത്തില്‍ എന്നതാണ് ഓരോ ഒളിംപിക്സിന്റെയും മുദ്രവാക്യം. എന്നാല്‍ ഇന്ത്യയ്ക്ക് മാത്രം ഇക്കാര്യം ഇതുവരെ ബാധകമായിട്ടില്ല. കാരണം പലപ്പോഴും ദേശീയ റെക്കോര്‍ഡിനടുത്ത പ്രകടനം പോലും, യോഗ്യത നേടി ഒളിംപിക്സിനെത്തുന്ന നമ്മുടെ പലതാരങ്ങളും ഒളിംപിക് വേദിയില്‍ പുറത്തെടുക്കാറില്ല എന്നതുതന്നെ. ഒളിംപിക്സിന് യോഗ്യത നേടിക്കഴിഞ്ഞാല്‍ എല്ലാമായി എന്നതിനപ്പുറം ചിന്തിക്കാന്‍ പലപ്പോഴും നമ്മുടെ കായികതാരങ്ങള്‍ക്ക് പലപ്പോഴും കഴിയുന്നില്ല.

ഇതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു ദേശീയ റെക്കോര്‍ഡ് തിരുത്തിയ പ്രകടനത്തോടെ(17.30 മീ) റിയോ ഒളിംപിക്സിന് യോഗ്യത നേടിയ മലയാളി താരം രഞ്ജിത് മഹേശ്വരിയുടെ പ്രകടനം. റിയോയില്‍ മുപ്പതിയൊമ്പതാം സ്ഥാനത്താണ് രഞ്ജിത് ഫിനിഷ് ചെയ്തത്. ഒളിംപിക്സ് യോഗ്യത നേടാനായി നടത്തിയ പ്രകടനം ആവര്‍ത്തിച്ചാല്‍പ്പോലും അഭിമാനകരമായ നാലാം സ്ഥനത്തെത്താന്‍ രഞ്ജിത്തിന് കഴിയുമായിരുന്നുവെന്ന്ചുരുക്കം. നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ചൈനയുടെ കാവോ ഷുവോ താണ്ടിയത് 17.13 മീറ്റര്‍ ദൂരമായിരുന്നുവെന്നറിയുമ്പോഴാണ് രഞ്ജിത്തിന്റെ പ്രകടനം വലിയ ചോദ്യചിഹ്നമാകുന്നത്. രഞ്ജിത് മാത്രമല്ല ജിത്തു റായി മുതല്‍ ടിന്റു ലൂക്കവരെയുള്ളവരാരും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല.

മെഡല്‍ത്തിളക്കങ്ങള്‍ വ്യക്തിഗത നേട്ടം

പ്രതാപകാലത്ത് ഹോക്കിയില്‍ നേടിയ സ്വര്‍ണമൊഴിച്ചു നിര്‍ത്തിയാല്‍ കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടെ 2008ലെ ബെയ്ജിംഗ് ഒളിംപിക്സില്‍ അഭിനവ് ബിന്ദ്ര ഷൂട്ടിംഗില്‍ നേടിയ ഒരേയൊരു സ്വര്‍ണമാണ് ഇന്ത്യയ്ക്ക് ഒളിംപിക്സില്‍ ലഭിച്ചത്. അതുകൊണ്ടുതന്നെ പോയകാലങ്ങളിലെയും ഇത്തവണ റിയോയിലെയും ഇന്ത്യയുടെ പ്രകടനം വിലയിരുത്തിയാല്‍ ഒരു കാര്യം വ്യക്തമാവും. ഒളിംപിക്സില്‍ മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായ കായികതാരങ്ങളെല്ലാം ആത്മാര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും വ്യക്തിഗത മികവിന്റെയും മാത്രം കരുത്തിലാണ് ഒളിംപിക്സ് മെഡല്‍ കഴുത്തിലണിഞ്ഞിട്ടുള്ളത്. മെഡല്‍ നേടിയാല്‍ സമ്മാനം പ്രഖ്യാപിച്ച് വാര്‍ത്ത സൃഷ്ടിക്കുന്നു എന്നതിനപ്പുറം അവരുടെ വിജയങ്ങളില്‍ നമ്മുടെ കായിക സംഘടനകള്‍ക്കോ അതിന്റെ തലപ്പത്തിരിക്കുന്നവര്‍ക്കോ സര്‍ക്കാരുകള്‍ക്കോ കാര്യമായ റോളൊന്നുമില്ല. റിയോയില്‍ സിന്ധുവും സാക്ഷിയും നേടിയ വിജയങ്ങല്‍ ഇതിന് ഒരിക്കല്‍ കൂടി അടിവരയിടുന്നു.

ഇങ്ങനെയൊക്കെ ആയാല്‍ പിന്നെ അങ്ങനെ ആയല്ലേ പറ്റൂ

ഒളിംപിക്സിലെ എക്കാലത്തെയും വലിയ സംഘത്തെയാണ് ഇന്ത്യ ഇത്തവണ റിയോയിലേക്ക് അയച്ചത്. 120 പേരടങ്ങുന്ന സംഘമായിരുന്നു ഇന്ത്യക്കായി റിയോയിലെത്തിയത്. ഇതില്‍ തന്നെ എത്രപേര്‍ ഫൈനലിലെങ്കിലും എത്തി പോരാട്ടം കാഴ്ചവെച്ചുവെന്ന് ചോദിച്ചാല്‍ വിരലിലെണ്ണാവുന്നതേയുള്ളു. അതിന് അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒളിംപിക്സിന്റെ അവസാന ദിവസം മാരത്തണില്‍ ഇന്ത്യയ്ക്കായി മത്സരിച്ച ഒ.പി.ജെയ്ഷയുടെ അനുഭവം ഒന്നുമാത്രം മതിയാവും എന്തുകൊണ്ട് നമ്മള്‍ തോല്‍ക്കുന്നുവെന്നതിന് ഉത്തരം കിട്ടാന്‍.

ഓടിത്തളരുമ്പോള്‍ ഒരിറ്റു വെള്ളത്തിനായി ചുറ്റുംനോക്കിയ ജെയ്ഷയ്ക്ക് അവിടെ ഇന്ത്യന്‍ സംഘത്തിലാരെയും കാണാനായില്ല. അവസാന ദിവസമായതിനാല്‍ റിയോയില്‍ നിന്ന് സെല്‍ഫി എടുക്കുന്ന തിരക്കിലായിരുന്നു അവരെല്ലാം. ഒടുവില്‍ ഓട്ടം പൂര്‍ത്തിയാക്കി ട്രാക്കില്‍ തളര്‍ന്നുവീണ ജെയ്ഷയ്ക്ക് വൈദ്യസഹായം നല്‍കാന്‍പോലും ഇന്ത്യന്‍ മെഡിക്കല്‍ സംഘത്തിലെ ആരുമുണ്ടായിരുന്നില്ല.ഒളിംപിക് അധികതൃതരുടെ ഇടപെടല്‍മൂലമാണ് ജെയ്ഷയ്ക്ക് വൈദ്യസഹായം പോലും ലഭ്യമായത്.

ജെയ്ഷയുടെ മാത്രം ഒറ്റപ്പെട്ട അനുഭവമല്ല ഇത്. ഗുസ്തിയില്‍ ചൈനീസ് താരം യനാന്‍ സുനിനെനെതിരായ മത്സരത്തിനിടെ പരിക്കേറ്റു വീണ് വേദനയില്‍ പുളഞ്ഞ വിനേഷ് ഫോഗട്ടിന് വൈദ്യസഹായം ലഭ്യമാക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഒടുവില്‍ ആംബുലന്‍സെത്തി വിനേഷിനെ കൊണ്ടുപോകാന്‍ തുടങ്ങുന്നതിനിടെയാണ് ഇന്ത്യന്‍ ടീമിന്റെ ചീഫ് മെഡിക്കല്‍ ഓഫീസറായ പവന്‍ദീപ് സിംഗ് ഓടിയെത്തിയത്. അദ്ദേഹം നേരത്തെ വന്നിട്ടും കാര്യമൊന്നുമില്ലെന്നതാണ് യാഥാര്‍ഥ്യം. കാരണം ഇന്ത്യന്‍ ടീമിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ കായിക താരങ്ങളെ ചികിത്സിക്കുന്ന ഡോക്ടറൊന്നുമല്ലെന്ന് മാത്രമല്ല അദ്ദേഹം ഒരു റേഡിയോളജിസ്റ്റ് മാത്രമാണ്. അതായത് ഒരു ടെക്നീഷ്യന്‍ എന്നു പറയാം.

വിരോധാഭാസമെന്നു പറയട്ടെ ഇന്ത്യന്‍ സംഘത്തോടൊപ്പമുണ്ടായിരുന്ന രണ്ടാമത്തെ മെഡിക്കല്‍ ഓഫീസറായ കേണല്‍ ആര്‍ എസ് നേഗിയും ഒരു റേഡിയോളജിസ്റ്റാണ്. ഒരു ദേശീയ ഗെയിംസിലോ ദേശീയ ചാമ്പ്യന്‍ഷിപ്പിലോ പോലും അദ്ദേഹം ഇതുവരെ മെഡിക്കല്‍ ഓഫീസറായിരുന്നിട്ടില്ല. സാഫ് ഗെയിംസിന്റെ അടക്കം ചീഫ് മെഡിക്കല്‍ ഓഫീസറായിരുന്നു പവന്‍ദീപ് സിംഗെന്നാണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അവകാശപ്പെടുന്നത്. ഐഒഎയുടെ വെബ്സൈറ്റില്‍ എന്നാല്‍ അദ്ദേഹത്തെക്കുറിച്ച് യാതൊരു പരമാര്‍ശവുമില്ല. ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുമ്പോഴെല്ലാം ഒരു ഡോസ് കോംബിഫ്ലാം ആണ് പവന്‍ദീപിന്റെ ഒറ്റമൂലിയെന്നും പല ഇന്ത്യന്‍ താരങ്ങളും പരാതിപ്പെട്ടിരുന്നു.

ഒളിംപിക്സിന് മുമ്പ് തന്റെ പേഴ്സണല്‍ ഫിസിയോ സജദ് അഹമ്മദ് മിറിനെ കൂടി റിയോയിലേക്ക് കൊണ്ടുപോകാന്‍ അനുവാദം നല്‍കണമെന്ന് ജിംനാസ്റ്റിക്സ് ഫൈനലിലെത്തി രാജ്യത്തിന്റെ അഭിമാനമായ ദിപ കര്‍മാക്കര്‍ ആഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ അന്ന് അക്കാര്യം നിഷ്കരുണം തള്ളിയ കായിക മന്ത്രാലയം പിന്നീട് ജിംനാസ്റ്റിക്സ് ഫൈനലിലെത്തി ദിപ ചരിത്രം തിരുത്തിയപ്പോള്‍ ഫിസിയോയെ റിയോയിലേക്ക് അയക്കാന്‍ അനുമതി നല്‍കി. ദിപയുടെ പേര് പോലും തെറ്റിക്കാതെ പറയാന്‍ കഴിയാതിരുന്ന നമ്മുടെ കായിക മന്ത്രി വിജയ് ഗോയലിന്റെ അടിയന്തര ഇടപെടല്‍ മൂലമാണ് ഫിസിയോയെ അയക്കുന്ന കാര്യത്തില്‍ അതിവേഗ തീരുമാനമുണ്ടായതെന്ന് പ്രചരിപ്പിക്കാന്‍ കായികമന്ത്രാലയം മറന്നതുമില്ല. നമ്മുടെ കായിക മന്ത്രാലയം രാജ്യത്തിന്റെ അഭിമാനമാകേണ്ട താരങ്ങളോട് കാണിക്കുന്ന ആത്മാര്‍ഥതയുടെ ചെറിയ ഉദാഹരണമാണിത്. അപ്പോള്‍ പിന്നെ ഇങ്ങനെയൊക്കെ ആയാല്‍ അങ്ങനെ ആയല്ലെ പറ്റൂ.