റിയോ ഡി ജനീറോ: ജർമ്മനിയോടേറ്റ തോൽവിക്ക് പകരം വീട്ടാൻ ശ്രീജേഷും സംഘവും ഇന്നിറങ്ങുന്നു. ഒളിംപിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്കിന്ന് മൂന്നാം മത്സരം. റാങ്കിംഗിൽ ഏഴാം സ്ഥാനത്തുള്ള അർജന്റീനയാണ് എതിരാളികൾ. ഷൂട്ടിംഗിലും അമ്പെയ്ത്തിലും തുഴച്ചിലിലും ഇന്ത്യക്കിന്ന് മത്സരങ്ങളുണ്ട്. ഇടിക്കൂട്ടിലെ പോരാട്ടങ്ങൾക്കും റിയോയിൽ തുടക്കമാകും.

ഇന്നലെ ജർമ്മനിയോട് അവസാന മിനിറ്റിൽ തോൽവി വഴങ്ങിയ ശ്രീജേഷിനും സംഘത്തിനും വിജയവഴിയിലേക്ക് തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കാം. പോരാട്ടം രാത്രി 7.30ന്. ആദ്യ മത്സരത്തിൽ ഇന്ത്യ അയർലൻഡിനെ തോൽപ്പിച്ചിരുന്നു. ജിത്തു റായിയും അഭിനവ് ബിന്ദ്രയും പരാജയപ്പെട്ട ഷൂട്ടിംഗ് റേഞ്ചിൽ ഹീന സിദ്ധു ഇന്ന് ഉന്നം പിടിക്കും.

വനിതകളുടെ 25 മീറ്റർ പിസ്റ്റളിലെ യോഗ്യതാമത്സരം വൈകിട്ട് 5.30ന്. തുഴച്ചിൽ സിംഗിൾസ് സ്കൾസ് ക്വാർട്ടർ ഫൈനലിൽ ദത്തു ബാബനും മത്സരമുണ്ട്. പുരുഷൻമാരുടെ അന്പെയ്ത്ത് യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ അതാനു ദാസ് നേപ്പാളിന്‍റെ ജീത്ബഹാദൂർ മുക്താനെ നേരിടും. ഇടിക്കൂട്ടിലെ ഇന്ത്യൻ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. 75 കിലോ മിഡിൽ വെയ്റ്റിൽ വികാസ് കൃഷ്ണനാണ് ആദ്യ പോരിനിറങ്ങുക. എതിരാളി അമേരിക്കയുടെ പതിനെട്ടുകാരൻ ചാൾസ് കോൺവെൽ. മത്സരം നാളെ പുലർച്ചെ 2.45ന്.