റിയോ ഡി ജനീറോ: 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് ഫൈനലില്‍ ഇന്ത്യയുടെ ലളിതാ ബാബര്‍ പത്താം സ്ഥാനത്ത്. ട്രാക്ക് ഇനത്തില്‍ പി.ടി.ഉഷയ്ക്കുശേഷം(1984) ആദ്യമായി ഫൈനലിന് യോഗ്യത നേടുന്ന താരമെന്ന റെക്കോര്‍ഡോടെയാണ് ലളിത ഫൈനലില്‍ ഇറങ്ങിയത്. എന്നാല്‍ യോഗ്യതാ റൗണ്ടില്‍ പുറത്തെടുത്ത പ്രകടനം ഫൈനലില്‍ ആവര്‍ത്തിക്കാന്‍ ലളിതക്കായില്ല. 9:22.74 മിനിറ്റിലാണ് ലളിത ഫിനിഷ് ചെയ്തത്.
യോഗ്യതാ റൗണ്ടില്‍ 9:19.76 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ലളിത ദേശീയ റെക്കോര്‍ഡ് തിരുത്തിയിരുന്നു. ഫൈനലില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും മത്സരം പുരോഗമിച്ചതോടെ ലളിത പിന്നോട്ടുപോയി. ബഹ്‌റിന്റെ റൂത്ത് ജെബെറ്റിനാണ് ഈ ഇനത്തില്‍ സ്വര്‍ണം.(8:59.75). കെനിയയുടെ ഹൈവിന്‍ ജെപ്കെമോയ്(9:07.12) വെള്ളിയും അമേരിക്കയുടെ എമ്മ കൗബണ്‍ വെങ്കലവും(9:07.63) നേടി.
മെഡല്‍ നേടാനായില്ലെങ്കിലും അത്‌ലറ്റിക്സില്‍ ഇന്ത്യയുടെ മറ്റ് താരങ്ങളില്‍ ആര്‍ക്കും ഫൈനലിന് പോലും യോഗ്യത നേടാനായില്ലെന്നത് കണക്കിലെടുക്കുമ്പോള്‍ ലളിതയുടെ പ്രകടനം ഒരുപടി മുന്നില്‍ തന്നെയാണ്.
