റിയോഡി ജനീറോ: റിയോ ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങിനിടെ വലിയൊരു സന്ദേശംകൂടി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഷോ ഡയറക്ടര്‍ ഫെര്‍ണാണ്ടസ് മിരെല്ലാസും സംഘവും. വര്‍ണ്ണവിവേചനത്തിനെതിരെ ലോകം ഒന്നിക്കണമെന്ന ആഹ്വാനവുമായി കറുത്തവര്‍ഗ്ഗക്കാരായ 3 പ്രമുഖ ഗായികമാര്‍ ഉദ്ഘാടന ചടങ്ങില്‍ അണിനിരക്കും. ബ്രസീലിലെ ഇതിഹാസ ഗായിക എല്‍സ സോറസ്, ഹിപ് ഹോപ്പ് സംഗീതത്തിന്റെ നിറക്കൂട്ടുകളുമായി കരോള്‍ കോംഗയും എം.സി. സോഫിയയും.

കറുത്തവര്‍ഗ്ഗക്കാരായ ഈ മൂന്ന് ഗായികമാരും ഇത്തവണ റിയോ ഒളിംപികിസിന്റെ ഉദ്ഘാടന വേദിയിലുണ്ടാകും. ഉദ്ഘാടന ചടങ്ങിന് മാറ്റ്കൂട്ടുക മാത്രമല്ല ഇവരുടെ ലക്ഷ്യം. വര്‍ണ്ണവിവേചനത്തിനെതിരെ ലോകം ഒന്നിക്കണമെന്ന ആഹ്വാനം നല്‍കുക കൂടിയാണ്. മൂന്ന് തലമുറയില്‍പ്പെട്ട ഗായികമാരാണ് എല്‍സ സോറസും കരോള്‍ കോംഗയും എം.സി. സോഫിയയും. 79 ലെത്തിയെങ്കിലും പ്രായം തളര്‍ത്താത്ത ഗായികയാണ് എല്‍സ സോറസ്

29കാരിയായ കരോള്‍ കോംഗയ്‌ക്കൊപ്പം എത്തുന്ന സോഫിയയാകട്ടെ 12കാരി പെണ്‍കുട്ടിയും. വിശ്വപ്രസിദ്ധ ബ്രസീലിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ മിരെല്ലാസാണ് റിയോയിലെ ഉദ്ഘാടന ചടങ്ങുകള്‍ അണിയിച്ചൊരുക്കുന്നത്.