റിയോ ഡി ജനീറോ: അനശ്വര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച റിയോ ഒളിംപിക്‌സിന് ഇന്ന് തിരശീല വീഴും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ നാലരയ്ക്കാണ് സമാപന ചടങ്ങുകള്‍ക്ക് തുടക്കമാവുക. ഫുട്‌ബോള്‍ ഇതിഹാസം പെലെ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമാപന ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം ഏഷ്യാനെറ്റ് ന്യൂസില്‍ കാണാം.

ട്രിപ്പിള്‍ ട്രിപ്പിളുമായി അനശ്വരതയിലേക്ക് ഓടിക്കയറിയ ഉസൈന്‍ ബോള്‍ട്ട്. 23 സ്വര്‍ണമടക്കം 28 മെഡലുകളുമായി നീന്തലിന്റെ മറുവാക്കായ മൈക്കല്‍ ഫെല്‍പ്‌സ്. ജിംനാസ്റ്റിക്‌സ് വിസ്‌മയം സിമോണ്‍ ബൈല്‍സ്. ഇന്ത്യയുടെ മാനംകാത്ത പെണ്‍കരുത്ത് സിന്ധുവും സാക്ഷിയും. വിശ്വമാനവികതയുടെ ജീവിക്കുന്ന നേര്‍സാക്ഷ്യങ്ങളായി അബേ ഡി അഗസ്റ്റിനോയും നിക്കി ഹാംബ്ലിനും.

സന്തോഷവും കണ്ണീരും ഉദ്വേഗവും നിറഞ്ഞ 19 ദിനരാത്രങ്ങള്‍ക്ക് മാരക്കാനയില്‍ പരിസമാപ്തിയാകുന്നു. കാലത്തെ അതിജയിക്കുന്ന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് റിയോ ഒളിംപിക്‌സിന് ഇന്ന് തിരശീല വീഴും. പുലര്‍ച്ചെ നാലരയ്ക്ക് സമാപന ചടങ്ങുകള്‍. ഒളിംപിക് പതാക 2020ലെ വേദിയായ ടോക്യോ ഏറ്റുവാങ്ങുന്നതോടെ വിശ്വകായികമേളയ്ക്കായി നാലുവര്‍ഷത്തെ കാത്തിരിപ്പിന് ഇന്നുമുതല്‍ തുടക്കം.