ആതന്‍സ് ഒളിംപിക്‌സിലെ നിറംമങ്ങിയ ഉദ്ഘാചനച്ചടങ്ങിന് ശേഷം 2008ല്‍ ഒളിംപിക് ഗെയിംസ് ബീജിംഗിലെത്തിയപ്പോള്‍ ലോകം ഞെട്ടിത്തരിച്ചു. ലോകത്തെ വന്‍ ശക്തിയാണെന്ന് വിളിച്ചുപറയാനുളള വ്യഗ്രത കിളിക്കൂട്ടില്‍ പ്രകടമായപ്പോള്‍, ചരിത്രത്തിലെ ഏറ്റവും വര്‍ണപ്പകിട്ടാര്‍ന്ന ഒളിംപിക്‌സ് ഉദ്ഘാചനച്ചടങ്ങിന് ലോകം സാക്ഷിയായി.

നാലു വര്‍ഷത്തിനിപ്പുറം ഒളിംപിക്‌സ് ലണ്ടനിലെത്തിയപ്പള്‍ ബീജിംഗിനെ വെല്ലുവിളിക്കാന്‍ ശ്രമം ഉണ്ടായില്ല. പ്രശസ്ത സംവിധായകന്‍ ഡാനി ബോയില്‍ അണിയിച്ചൊരുക്കിയ ഉദ്ഘാടനച്ചടങ്ങ് ആധുനികതയുടെ ആഘോഷമായി. പ്രതികരണം സമ്മിശ്രം ആയിരുന്നു.

എല്ലാ വിഭവങ്ങളും സ്വന്തമായ ലണ്ടന്റെ പത്തിലൊന്ന് തുക മാത്രമായിരുന്നു റിയോയിലെ ഉദ്ഘാടനച്ചടങ്ങിനായി സംവിധായകന്‍ ഫെര്‍ണാണ്ടോ മെറെയ്‌ലസ് കിട്ടിയത്. സാമ്പത്തിക ഞെരുക്കവും നാഥനില്ലാത്ത അവസ്ഥയും മാത്രമല്ല മാറക്കാന സ്റ്റേഡിയത്തിലെ ഇടുങ്ങിയ കവാടം പോലും മെറെയ്‌ലസിന് വെല്ലുവിളിയായി.

എന്നാല്‍ മനുഷ്യരാശിയുടെ വര്‍ത്തമാനകാല വെല്ലുവിളികളും ബ്രസീലിന്റെ സമ്പന്നമായ പാരമ്പര്യവും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ മെറെയ്‌ലസിന് പരിമിതിയുണ്ടായില്ല. ബീജിംഗിന്റെ പകിട്ടിനൊപ്പം എത്തിയില്ലെങ്കിലും പ്രകൃതിസലംരക്ഷണത്തിന്റെ പുത്തന്‍ പാഠവുമായി റിയോ ലണ്ടനൊപ്പമോ അതിന് മുകളിലായോ ഒളിംപിക് ചരിത്രത്തിലിടം പിടിക്കും.