റിയോ ഡി ജനീറോ: ഒരു മെട്രോപൊളിറ്റന്‍ നഗരത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാനാകാത്തൊരു ഹരിതഹൃദയമുണ്ട് റിയോക്ക്. തജൂക്കയെന്ന മഴക്കാട്. ഇന്ന് റിയോ ഡയറി റിയോഡി ജനീറോയെന്ന മെട്രോപൊളിറ്റന്‍ നഗരത്തിനുള്ളിലെ മഴക്കാടിലേക്കൊരു യാത്ര പോകുകയാണ്. ഇന്നലെക്കണ്ടതും റിയോ, ഇന്നീക്കാണുന്നതും റിയോ.

നഗരഹൃദയത്തില്‍ നിന്ന് 10 മിനിറ്റ് നേരത്തെ യാത്രയുടെ അകലമേ ഈ മനോഹര തീരത്തിലേക്കുള്ളൂ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ ചിലപ്പോള്‍ വിശ്വസിച്ചെന്ന് വരില്ല. വിശ്വസിച്ചേ പറ്റൂ. ലോകത്തെ അപൂര്‍വം നഗരവനങ്ങളില്‍ ഒന്നാണ് 39 സ്ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ടിഷൂക ദേശീയ ഉദ്യാനം.
ചിലപ്പോഴൊക്കെ നിറഞ്ഞുപെയ്യുന്ന മഴ, കാടിനെ ഒന്നാകെ വന്നുമൂടുന്ന കോടമഞ്ഞ്, വെള്ളച്ചാട്ടങ്ങളുടെ പൊട്ടിച്ചിരി, കിളികളുടെ കളകളാരവം.
പ്രകൃതി സ്വന്തം സൗന്ദര്യം തുറന്നുകാട്ടുകയാണ്.

ടിഷൂക പ്രകൃതിയെ തിരിച്ചുപിടിച്ചതിന്റെ കഥകൂടിയാണ്. ഒരു കാലത്ത് പ്ലാന്റേഷനുകളുടെ കയ്യേറ്റത്തില്‍ മൊട്ടക്കുന്നുകളായി മാറിയ പ്രദേശത്തെ മരങ്ങള്‍ നട്ടുപിടിപ്പിച്ച് വീണ്ടും ഇങ്ങനെ മാറ്റിയെടുത്തതാണ്. ഒളിംപിക് തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടുന്ന ടിഷൂക ദിനം പ്രകൃതിയേലക്കുള്ള ഏകദിന തീര്‍ത്ഥാടനമാണ്.
ഇന്ന് ഈ പ്രകൃതിയോട് ഒളിംപിക് ഡയറി നന്ദി പറയുന്നു. ഒബ്രഗാഡ...