റിയോ ഡി ജനീറോ: മിക്സഡ് ഡബിള്‍സ് ടെന്നിസ് സെമിയിയിൽ പരാജയപ്പെട്ട സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യം വെങ്കല മെഡലിനായി ഇന്ന് മത്സരിക്കും. ചെക്ക് റിപ്പബ്ലിക്കിന്റെ സ്റ്റെപ്പാനക്-ലൂസി ഹൃദേക്ക സഖ്യമാണ് എതിരാളികള്‍. രാത്രി 8.30നാണ് മത്സരം. സെമിയില്‍ ആദ്യസെറ്റ് നേടിയിട്ടും അമേരിക്കയുടെ വീനസ് വില്യംസ്-രാജീവ് റാം സഖ്യത്തോട് സാനിയ-ബൊപ്പണ്ണ സഖ്യം തോല്‍ വഴങ്ങിയതാണ് ഇന്ത്യയുടെ മെഡല്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയായത്.

ഇന്നലെ ജയിച്ചിരുന്നെങ്കിൽ സ്വർണ്ണം അല്ലെങ്കിൽ വെള്ളി മെഡല്‍ ഇന്ത്യയ്ക്കുറപ്പിക്കാമിയരുന്നു. സെമിയില്‍ മികച്ച തുടക്കമിട്ട ഇന്ത്യൻ ജോഡി ആദ്യ സെറ്റ് 26 മിനിറ്റിനുള്ളിൽ സ്വന്തമാക്കി(സ്കോർ 6-2). ഇതോടെ ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷയേറി. എന്നാല്‍ രണ്ടാം സെറ്റിൽ ഇന്ത്യൻ താരങ്ങൾ നിറം മങ്ങിയതോടെ വീനസ് വില്യംസും ഇന്ത്യന്‍ വംശജനായ രാജീവ് റാമും കളം പിടിച്ചു. സെറ്റും സ്വന്തമാക്കി(6-2).

ടൈ ബ്രേക്കറിന്റെ തുടക്കത്തില്‍ 3-1ന് മുന്നിലായിരുന്ന ഇന്ത്യക്ക് പക്ഷേ മേധാവിത്വം നിലനിര്‍ത്താനായില്ല. വീനസിന്റെ പരിചയസമ്പത്തിന് മുന്നില്‍ സാനിയയും ബൊപ്പണ്ണയും പതറി. തുടര്‍ച്ചയായ ഒമ്പത് പോയിന്റുകള്‍ നേടി 10-3ന് ടൈബ്രേക്കര്‍ ജയിച്ച് അമേരിക്കന്‍ സഖ്യം ഫൈനലിൽ കടന്നു. 1996 അറ്റ്‍ലാന്റ ഒളിംപിക്സ് പുരുഷ സിംഗിൾസിൽ ലിയാൻഡർ പെയ്സ് നേടിയ വെങ്കലമാണ് ഒളിംപിക് ടെന്നിസിൽ ഇന്ത്യയുടെ ഇതുവരേയുള്ള ഒരേയൊരു മെഡൽ.