റിയോ ഡി ജനീറോ: ടെന്നിസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ സാനിയ - ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് തിളക്കമേകിയാണ് സാനിയ മിര്‍സയും രോഹന്‍ ബൊപ്പണ്ണയും മിക്‌സഡ് ഡബിള്‍സില്‍ ജയത്തോടെ തുടങ്ങിയത്. ആദ്യമത്സരത്തില്‍ ഓസ്‌ട്രേലിയയുടെ സാമന്ത സ്റ്റോസര്‍ - ജോണ്‍ പീര്‍സ് സംഖ്യത്തെയാണ് സാനിയ - ബൊപ്പണ്ണ സഖ്യം കീഴടക്കിയത്. സ്‌കോര്‍ 7-5, 6-4.
ആദ്യ സെറ്റില്‍ ഇന്ത്യന്‍ സഖ്യം അല്‍പം വിയര്‍ത്തു. എന്നാല്‍ രണ്ടാം സെറ്റില്‍ ആധിപത്യത്തോടെ തിരിച്ചടിച്ചാണ് സാനിയയും ബൊപ്പണ്ണയും മല്‍സരം സ്വന്തമാക്കിയത്. സാനിയ - ബൊപ്പണ്ണ സഖ്യത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം ഇന്ത്യന്‍ ടെന്നീസ് സംഘത്തിന് ആശ്വാസമാണ്. നേരത്തെ പേസ് - ബൊപ്പണ്ണ സഖ്യം പുരുഷ വിഭാഗം ഡബിള്‍സിലും, സാനിയ - പ്രാര്‍ത്ഥന സഖ്യം വനിതാ വിഭാഗം ഡബിള്‍സിലും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ക്വാര്‍ട്ടര്‍ ജയിച്ച് സെമിയില്‍ എത്തിയാല്‍ സാനിയയ്‌ക്കും ബൊപ്പണ്ണയ്‌ക്കും മെഡല്‍ പ്രതീക്ഷ കൂടുതല്‍ സജീവമാക്കാനാകും. ഉറച്ച മെഡല്‍ പ്രതീക്ഷയിലാണ് തങ്ങളെന്ന് മല്‍സരശേഷം സാനിയയും ബൊപ്പണ്ണയും പറഞ്ഞു.
ക്വാര്‍ട്ടറില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ബ്രിട്ടന്റെ ആന്‍ഡി മറെയും ഹെതര്‍ വാട്‌സനും ആണ്. ഇന്നു രാത്രി പതിനൊന്നരയ്ക്കാണ് സാനിയ - ബൊപ്പണ്ണ സഖ്യത്തിന്റെ ക്വാര്‍ട്ടര്‍ പോരാട്ടം.
