ജിംനാസ്റ്റിക്‌സ് താരം ദിപാ കര്‍മ്മാകറും 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഫൈനലിലെത്തിയ ലളിതാ ബാബറും റിയോയില്‍ ഇന്ത്യയ്ക്ക് അഭിമാനമായെന്നാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിന്റെ അഭിപ്രായം. ജിനാംസ്റ്റിക്‌സില്‍ ഏതാനും പോയിന്റിന്റെ മാത്രം വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമായ ദിപ. 36 വര്‍ഷത്തിന് ശേഷം ട്രാക്കിനത്തില്‍ ഫൈനലിലെത്തിയ ലളിതാ ബാബര്‍. ഇരുവരും ഇന്ത്യയുടെ ഹൃദയം കീഴടക്കി. ത്രിപുരയില്‍നിന്ന് ഏറെ പ്രതിസന്ധികള്‍ മറികടന്നാണ് ദിപ ഉയരങ്ങളിലെത്തിയത്. ലളിതാ ബാബറും ഒട്ടേറെ വെല്ലുവിളികള്‍ അതിജീവിച്ചു. പ്രതീക്ഷക്ക് അപ്പുറത്തെ പ്രകടനം പുറത്തെടുത്ത ഇരുവര്‍ക്കും അര്‍ഹതപ്പെട്ട സ്വീകരണവും ആദരവും നല്‍കണമെന്നാണ് സെവാഗിന്റെ ആവശ്യം. ഏതെങ്കിലും വിമാനത്തിനോ ട്രെയിനിനോ ഇവരുടെ പേര് നല്‍കുന്നത് നല്ലതായിരിക്കുമെന്നും സെവാഗ് ട്വീറ്റ് ചെയ്തു. ഫൈനലില്‍ അവിസ്മരണീയ പ്രകടനം നടത്തിയ ഇരുവര്‍ക്കും രാജ്യം അംഗീകാരം നല്‍കുമ്പോള്‍ അത് നിരവധി പേര്‍ക്ക് പ്രചോദനമാകും. ഇന്ത്യന്‍ കായികലോകം കൂടുതല്‍ ഉരയങ്ങളിലേക്കെത്താനുള്ള പ്രചോദനമെന്നും സെവാഗിന്റെ ട്വീറ്റ്.