റിയോ ഡി ജനീറോ: ഒളിംപിക്സില്‍ മൂന്നാം ദിനവും ഇന്ത്യയ്ക്ക് നിരാശ മാത്രം. ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്രയ്ക്ക് തലനാരിഴയ്ക്ക് വെങ്കലം നഷ്ടമായതിനും അവസാന സെക്കന്‍ഡിലെ ഗോളില്‍ പുരുഷ ഹോക്കിയിലെ തോല്‍വിക്കും പിന്നാലെ നീന്തലില്‍ മലയാളി താരം സജന്‍ പ്രകാശും കൗമാര താരം ശിവാനി കടാരിയയും സെമിയിലെത്താതെ പുറത്തായി. ആകെ 29 പേര്‍ മത്സരിച്ച ഹീറ്റ്സില്‍ ഇരുപത്തിയെട്ടാം സ്ഥാനത്തെത്താനെ സജന് കഴിഞ്ഞുള്ളു.
200 മീറ്റര്‍ ബട്ടര്‍ഫ്ലൈസിലെ ആദ്യ ഹീറ്റ്സിലാണ് സജന്‍ മത്സരിച്ചത്. അഞ്ചു പേരായിരുന്നു സജനൊപ്പം ആദ്യ ഹീറ്റ്സില്‍ മത്സരിച്ചത്. തുടക്കംമുതലെ പിന്നിലായിപ്പോയ സജന് കരിയറിലെ മികച്ച സമയവും (1.59.27 സെക്കന്‍ഡ്) റിയോയില്‍ കുറിക്കാനായില്ല. 1.59.37 സെക്കന്‍ഡില്‍ നാലാമനായാണ് സജന്‍ ഹീറ്റ്സില്‍ ഫിനിഷ് ചെയ്തത്.
ഹീറ്റ്സില്‍ മൂന്നാമതെത്തിയ താരം സജന്റെ ഏറ്റവും മികച്ച പ്രകടനത്തേക്കാള്‍ മികച്ച സമയമാണ് കുറിച്ചത്. ഈ ഇനത്തില്‍ ഇതിഹാസതാരം മൈക്കല്‍ ഫെല്‍പ്സ് മൂന്നാമനായി സെമിയിലെത്തി.
വനിതകളുടെ 200 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ ശിവാനി കടാരിയയ്ക്ക് നാല്‍പത്തിയൊന്നാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു. ആകെ 43 പേരാണ് ഈ ഇനത്തില്‍ മത്സരിച്ചത്. 2.09.30 സെക്കന്‍ഡിലാണ് ശിവാനി ഫിനിഷ് ചെയ്തത്.
