കഠിനാധ്വാനത്തിന്റെ ഫലമാണ് റിയോയില്‍ സിന്ധു നേടിയ ചരിത്രനേട്ടം. ആ അര്‍പ്പണബോധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ദിവസേന 56 കിലോ മീറ്റര്‍ യാത്ര ചെയ്‌താണ് കുഞ്ഞു സിന്ധു ഹൈദരാബാദിലെ ഗോപീചന്ദ് അക്കാഡമിയില്‍ എത്തിയിരുന്നത്. വോളിബോള്‍ താരങ്ങളായ പി വി രമണയുടെയും പി വിജയയുടെയും മകള്‍ക്ക് സ്‌പോര്‍ട്സ് രക്തത്തില്‍ അലിഞ്ഞതായിരുന്നു. ഗോപിചന്ദിന്റെ ഓള്‍ ഇംഗ്ലണ്ട് കിരീട നേട്ടത്തില്‍ പ്രചോദിതയായാണ് സിന്ധു ബാഡ്‌മിന്റണ്‍ കോര്‍ട്ടില്‍ എത്തിയത്. പരിശീലകനായി സാക്ഷാല്‍ ഗോപിചന്ദ്. പിന്നെയങ്ങോട്ട് നേട്ടത്തിന്റെ കഥകളായിരുന്നു. 179 സെന്റി മീറ്റര്‍ ഉയരം സിന്ധുവിന് കോര്‍ട്ടില്‍ മുന്‍തൂക്കം നല്‍കി. 2012ല്‍ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് ലൂ ഷുറായിയെ തോല്‍പ്പിച്ചതോടെയാണ് സിന്ധു ലോകശ്രദ്ധയില്‍ വരുന്നത്. അടുത്ത രണ്ടുവര്‍ഷവും ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലം. സൈനയൊക്കെ ഇപ്പോഴും സ്വപ്‌നം കാണുന്ന നേട്ടമായിരുന്നു അത്. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും വെങ്കലം. ബാഡ്‌മിന്റണില്‍ അജയ്യരെന്ന് വിശേഷിപ്പിച്ചിരുന്ന ചൈനീസ് താരങ്ങളെ വീഴ്‌ത്തിയാണ് പലപ്പോഴും സിന്ധു മുന്നേറിയിരുന്നത്. ഈ ഒളിംപിക്‌സില്‍ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചതും ചൈനാക്കാരിയായ ലോക രണ്ടാം നമ്പര്‍ താരത്തെയാണ്. പരിശീലകന്‍ വഴക്ക് പറഞ്ഞതിന് സഹതാരങ്ങളോട് കരഞ്ഞിരുന്ന സിന്ധു, പക്ഷെ എതിരാളികളോട് ഒരു ദയയും കാട്ടാറില്ല. ആ പോരാട്ടവീര്യം ഇന്ത്യയ്‌ക്ക് നേടിത്തന്നിരിക്കുന്നത് ഒരു ഒളിംപിക്‌സ് വെള്ളിമെഡല്‍.
Latest Videos
