ഹൈദരാബാദ്: റിയോ ഒളിംപിക്സിലെ വെള്ളി മെഡൽ ജേതാവ് പി.വി. സിന്ധുവിനും പരിശീലകൻ പി. ഗോപിചന്ദിനും ഹൈദരാബാദിൽ വീരോചിത വരവേല്‍പ്പ്.രാവിലെ വിമാനത്താവളത്തിലെത്തിയ സിന്ധുവിനേയും പരിശീലകൻ പുല്ലേല ഗോപിചന്ദിനേയും തുറന്ന വാഹനത്തിൽ ഇരുപത്തിയഞ്ചോളം കിലോമീറ്റർ നഗരത്തിലൂടെ ആനയിച്ചാണ് ഗച്ചിബൗളിയിലെ സ്റ്റേഡിയത്തിലെത്തിച്ചത്.

കഴുത്തിൽ വെള്ളിമെഡലുമണിഞ്ഞ് സിന്ധു സ്റ്റേഡിയം വലംവച്ചപ്പോൾ ആവേശം അണപൊട്ടി.തുടർന്ന് തെലങ്കാന ഉപമുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ചേ‍ർന്ന് സർക്കാരിന്റെ ഉപഹാരം സമ‍ർപ്പിച്ചു. സംസ്ഥാനസർക്കാരിന്റെ അനുമോദനത്തിന് ശേഷം പരിശീലനം നടത്തുന്ന ഗോപിചന്ദ് ബാഡ്മിന്റൺ അക്കാദമിയിലെത്തിയ സിന്ധുവിനെ സ്വീകരിക്കാൻ സഹതാരങ്ങളെല്ലാം എത്തി.

സിന്ധുവിന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളുവെന്ന് ഗോപിചന്ദ് പറഞ്ഞു. പരിശീലന രംഗത്ത് നിന്നും ഉടൻ വിരമിക്കാൻ പദ്ധതിയില്ലെന്ന് ഗോപിചന്ദും വ്യക്തമാക്കി. സിന്ധുവിന് ഇനിയും പത്ത് വർഷം കൂടി കളിക്കാനാകുമെന്നും താൻ കാണുന്നത് സിന്ധുവും കണ്ടാൽ ടോക്കിയോയില്‍ നേട്ടം ഉറപ്പാണെന്നും ടോക്കിയോയിൽ ബാഡ്മിന്റണിൽ സ്വർ‌ണം നേടാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഗോപിചന്ദ് പറഞ്ഞു.