ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ ജിംനാസ്റ്റിക് താരം ഒളിംപിക്‌സില്‍ ഇന്ത്യയ്‌ക്കുവേണ്ടി മിന്നുന്ന പ്രകടനം നടത്തിയിരിക്കുകയാണ്. നേരിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്‌ടമായെങ്കിലും റിയോയില്‍ ഇന്ത്യയ്‌ക്ക് ഏറെ അഭിമാനാര്‍ഹമായ നേട്ടമാണ് ദിപ കര്‍മാകര്‍ എന്ന ത്രിപുര സ്വദേശിനി കൈവരിച്ചിരിക്കുകയാണ്. എന്നാല്‍ ദിപയുടെ പേര് തെറ്റായി ട്വീറ്റ് ചെയ്‌തു പുലിവാല്‍ പിടിച്ചിരിക്കുകയാണ് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍. ദിപ മല്‍സരത്തിന് ഇറങ്ങുമുമ്പ് ആശംസാ സന്ദേശം ഉള്‍പ്പെട്ട ട്വീറ്റിലാണ് കേന്ദ്ര കായിക മന്ത്രി പേര് തെറ്റായി ഉച്ചരിച്ച് ദിപയെ അപമാനിച്ചത്. ദിപ കര്‍മാകര്‍ എന്നതിന് പകരം, ദിപ കര്‍മണാകര്‍ എന്നാണ് മന്ത്രി ട്വിറ്റര്‍ സന്ദേശത്തില്‍ ഉപയോഗിച്ചത്. അതേപോലെ, ആശംസാ സന്ദേശത്തില്‍ മന്ത്രിയുടെ ചിത്രം നിറഞ്ഞുനില്‍ക്കുന്ന തരത്തിലാണ് കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. സാധാരണഗതിയില്‍ ഇത്തരം ആശംസാ സന്ദേശ കാര്‍ഡ് രൂപകല്‍പന ചെയ്യുമ്പോള്‍, ആര്‍ക്കാണോ ആശംസ നേരുന്നത്, അവരുടെ ചിത്രത്തിനായിരിക്കും പ്രാമുഖ്യം നല്‍കുക. സ്വന്തം ചിത്രം വലുതാക്കിയുള്ള കാര്‍ഡ് ട്വീറ്റ് ചെയ്‌തതിലൂടെ രാജ്യത്തിന്റെ യശസ് ഉയര്‍ത്തിയ കായികതാരത്തെ മന്ത്രി താഴ്‌ത്തിക്കാണുകയാണ് ചെയ്തതെന്നും വിമര്‍ശകര്‍ പറയുന്നു. സംഭവം വിവാദമായതോടെ ആശംസ അറിയിച്ചു ആദ്യം പോസ്റ്റ് ചെയ്‌ത സന്ദേശം പിന്നീട് വിജയ് ഗോയലിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. എന്നാല്‍ ദിപയുടെ പേര് തെറ്റായി നല്‍കിയ മന്ത്രിയുടെ നടപടി ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

