ബംഗളൂരു: കുട്ടിക്കാലം മുതൽ കണ്ട സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള ആദ്യഘട്ടം പൂ‍ർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് 200 മീറ്റ‍ർ ഓട്ടത്തിൽ ഒളിമ്പിക്സ് യോഗ്യത നേടിയ ഒഡീഷക്കാരി ശ്രാബണി നന്ദ. തന്റെ കരിയറിലെ മികച്ച സമയം റിയോയിൽ കുറിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ശ്രാബണി നന്ദ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കസാഖിസ്താനിലെ അൾമാട്ടി സ്റ്റേഡിയത്തിൽ 200 മീറ്റർ ഇരുപത്തിമൂന്ന് 23.07സെക്കന്റിൽ ഓടിയെത്തി റിയോ ഒളിമ്പിക്സ് യോഗ്യത നേടിയ നിമിഷം ശ്രാബണി നന്ദയുടെ മനസിൽ മായാതെ കിടക്കുന്നുണ്ട്. സ്ക്രീനിൽ 23.07 സെക്കന്റ് തെളിഞ്ഞപ്പോൾ ‍ഞാൻ ഗ്യാലറിയിലേക്ക് നോക്കി കൈകൾ വീശി. ഏറെ സന്തോഷം തോന്നി. കഠിനാധ്വാനത്തിന്റെ ഫലമാണിത്. കഴിഞ്ഞ മൂന്ന് തവണ മികച്ച സമയം കുറിച്ചിരുന്നു. ഇത് റിയോയിൽ മെച്ചപ്പെടുത്താനായാൽ ഏറെ സന്തോഷം-ശ്രാബണി പറഞ്ഞു.

കഴിഞ്ഞ നാല് വർ‍ഷത്തെ കഠിനാധ്വാനത്തിന്റേയും പരിശീലനത്തിന്റേയും ഫലമാണ് ഒളിമ്പിക്സ് യോഗ്യതയെന്ന് ശ്രാബണി പറയുന്നു.കഴിവിന്റെ പരമാവധി പ്രകടനം റിയോയിലെ ട്രാക്കിൽ പുറത്തെടുക്കുമെന്ന് ശ്രാബണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒളിമ്പിക്സ് അടുത്തിരിക്കെ പരിശീലനത്തിൽ മാറ്റം വരുത്താനില്ലെന്നും പരിക്കേൽക്കാതെ കായികക്ഷമത നിലനിർ‍ത്താനാണ് ശ്രമിക്കുന്നതെന്നും ശ്രാബണി നന്ദ വ്യക്തമാക്കി.