റിയോ ഡി ജനീറോ: പുരുഷ ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ ശ്രീകാന്തിന് നേരിടേണ്ടത് ചൈനയുടെ ലിന്‍ ഡാനെയാണ്. സൂപ്പര്‍ ഡാന്‍ എന്ന് വിളിപ്പേരുള്ള ലിന്‍ ഡാന്‍ ബാഡ്മിന്‍റണ്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്നാണ് അറിയപ്പെടുന്നത്. എങ്കിലും ലിന്‍ ഡാനെ അട്ടിമറിച്ച ചരിത്രമുള്ളത് ശ്രീകാന്തിന് ആത്മവിശ്വാസം പകരുന്നുണ്ടാകും.

ബാഡ്മിന്റണിലെ സച്ചിനാണ് ലിന്‍ ഡാന്‍. നേട്ടങ്ങളുടെ കൊടുമുടികള്‍ കയറിയവന്‍. കഴിഞ്ഞ രണ്ട് ഒളംപിക്സിലും സ്വര്‍ണ മെഡല്‍ ജേതാവ്. ബാഡ്മിന്റണിലെ പ്രധാന ഒമ്പത് കിരീടങ്ങളും സ്വന്തമാക്കി സൂപ്പര്‍ ഗ്രാന്‍ഡ് സ്ലാം നേടിയ ഏക താരം . ലിന്‍ ഡാനെ സൂപ്പര്‍ ഡാന്‍ എന്ന് വിളിച്ച് തുടങ്ങിയത് ആരാധകരല്ല, മറിച്ച് എതിരാളികളാണ്. നിലവില്‍ ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനം.

ലിന്‍ ഡാന്‍ എന്ന പേരു മാത്രം മതി ഒരുവിധം എതിരാളികളെല്ലാം തോല്‍വി സമ്മതിക്കാൻ. പക്ഷെ നമ്മുടെ ശ്രീകാന്താണെങ്കില്‍ ചോദിക്കും ഒരു പേരില്‍ എന്തിരിക്കുന്നു എന്ന്. എതിര്‍ കോര്‍ട്ടില്‍ എത്ര പേരെടുത്ത ആളായാലും ശ്രീകാന്തിനെ അത് ബാധിക്കില്ല. വീറോടെ പൊരുതിയാണ് ശ്രീയ്ക്ക് ശീലം. ലിന്‍ ഡാനും അത് നന്നായി അറിയുന്നുണ്ടാകും. 2014ലെ ചൈന ഓപ്പണ്‍ ഫൈനലില്‍ സൂപ്പര്‍ ഡാനെ വീഴ്ത്തി കിരീടം നേടിയ ചരിത്രമുണ്ട് ശ്രീകാന്തിന്. അതും നേരിട്ടുള്ള ഗെയിമുകള്‍ക്ക്.

കഴിഞ്ഞ മത്സരത്തില്‍ തോല്‍പിച്ചത് ലോക അഞ്ചാം നമ്പര്‍ താരത്തെ. ചിലപ്പോള്‍ ദുര്‍ബലര്‍ക്ക് മുന്നില്‍പ്പോലും അടിതെറ്റാറുമുണ്ട് ഈ പതിനൊന്നാം റാങ്കുകാരന്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്താനാകില്ല നമുക്ക്. തുടര്‍ച്ചയായ മൂന്നാം ഒളിംപിക് സ്വര്‍ണമാണ് ലക്ഷ്യമെന്ന് ലിന്‍ ഡാന്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. ആ ലക്ഷ്യത്തിന് മുന്നില്‍ വലിയ തടസമായി ശ്രീകാന്ത് നില്‍ക്കുന്നു. തടസം ഭേദിച്ച് മുന്നോട്ട് പോകാന്‍ സൂപ്പര്‍ ഡാനായില്ലെങ്കില്‍ ഒളിംപിക് മെഡലിലേക്ക് ഇന്ത്യ ഒരു പടി കൂടി അടുക്കും.