റിയോ ഡി ജനീറോ: ഏതന്‍സ് ഒളിംപിക്‌സിലെ മാരത്തണിനിടെ ബ്രസീലിന്റെ വാന്‍ഡര്‍ലി ലിമയെ തടഞ്ഞ കാഴ്ചക്കാരന്‍ ലിമയോട് ക്ഷമ ചോദിച്ചു. റിയോയില്‍ ലിമ ദീപശിഖ തെളിച്ചതിന് തൊട്ടുപിന്നാലെയാണ് നെയ്ല്‍ ഹോറാന്‍ എന്ന അയര്‍ലന്‍ഡുകാരന്‍ ക്ഷമാപണവുമായി രംഗത്തെത്തിയത്.റിയോയില്‍ ദീപശിഖ തെളിച്ച് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായ വാന്‍ഡര്‍ലി ലിമയെത്തേടി ആ വാക്കുകളെത്തി. എന്നോട് ക്ഷമിക്കണം.

2004ലെ ഏതന്‍സ് ഒളിംപിക്‌സില്‍ മാരത്തണിനിടെ ലിമയെ തടഞ്ഞുനിര്‍ത്തിയ നെയ്ല്‍ ഹോറാനാണ് ക്ഷമ ചോദിച്ചെത്തിയിരിക്കുന്നത്. ഏതന്‍സില്‍ നടന്നത് ഒരിക്കലും നടക്കരുതാത്ത കാര്യമായിരുന്നു. അതില്‍ ദുഖമുണ്ടെന്നും അയര്‍ലന്‍ഡുകാരനായ നെയ്ല്‍ ഹോറെയ്ന്‍ പറഞ്ഞു. ക്ഷമ ചോദിക്കാന്‍ ഇതിന് മുമ്പെ തന്നെ പലവട്ടം വാന്‍ഡര്‍ലി ലിമയെ സമീപിച്ചതാണ്. വീണ്ടും കളിയാക്കാന്‍ ചെല്ലുകയാണെന്ന് കരുതി ലിമ സംസാരിക്കാന്‍ കൂട്ടാക്കിയില്ലെന്നും ഹോറെയ്ന്‍ പറഞ്ഞു.

2004 ഏതന്‍സ് ഒളിംപിക്‌സില്‍ ലിമയെ ഇടക്കുവെച്ച് ഹൊറെയ്ന്‍ തടഞ്ഞതിനാല്‍ ബ്രസീലിയന്‍ താരത്തിന് വെങ്കലമെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. പതറാതെ പൊരുതിയ ലിമയുടെ സ്‌പോര്‍ട്സ്മാന്‍ സ്‌പിരിറ്റ് ലോകം അന്ന് കായിക ലോകം അഗീകരിച്ചതുമാണ്. ആ നിശ്ചയദാര്‍ഡ്യത്തിനുള്ള പ്രതിഫലമായിരുന്നു ഇന്നലെ റിയോയില്‍ ദീപം തെളിക്കാനുള്ള നിയോഗത്തിന്റെ രൂപത്തിലെത്തിയത്.