റിയോ ഡി ജനീറോ: സിന്ധുവിന്റെ വിസ്മയക്കുതിപ്പിന് ഊര്‍ജ്ജമാകുന്നത് പരിശീലകന്‍ ഗോപിചന്ദിന്റെ തന്ത്രങ്ങളാണ്. വലിയ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുമ്പോഴും, അവകാശവാദങ്ങള്‍ക്ക് ഒരുങ്ങാത്തതാണ് ഗോപിയെ ഇന്ത്യന്‍ കായികരംഗത്ത് വ്യത്യസ്തനാക്കുന്നത്. വിജയിക്കുന്ന ഏത് ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരത്തിന് പിന്നിലും പുല്ലേലാ ഗോപിചന്ദ് ഉണ്ടാകും.

കഠിനാനാദ്ധ്വാനി, സൗമ്യന്‍, കോര്‍ട്ടിലും പുറത്തും അടിമുടി മാന്യന്‍. പരിശീലനത്തിന് പണം തികയാതെ വലഞ്ഞപ്പോഴും കോടികളുടെ പരസ്യക്കരാറുകമായി എത്തിയ കോളാ കമ്പനികക്ക് കൈ കൊടുക്കാന്‍ വിസമ്മതിച്ച ഗോപി ചന്ദ് ഇന്ത്യന്‍ കായിക രംഗത്ത് എന്നും വേറിട്ട വഴികളിലൂടെയാണ് സഞ്ചരിച്ചത്.

ഓള്‍ഇംഗ്ലണ്ട് ഓപ്പണ്‍ കിരീടം എന്ന വിസ്മയനേട്ടം സ്വന്തമായിട്ടും ഒളിംപിക് മെഡല്‍ നഷ്‌ടമായതിലെ നൊമ്പരം ഗോപിചന്ദിനെ പരിശീലകനാക്കി.ഒളിംപിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമായി സൈന നെഹ്‍‍വാള്‍ വളര്‍ന്നപ്പോഴും ഗോപിചന്ദ് അവകാശവാദങ്ങള്‍ക്ക് മുതിര്‍ന്നില്ല.

തനിക്കൊപ്പം സിന്ധുവിനും ഗോപിചന്ദ് പരിഗണന നല്‍കുന്നതില്‍ പരിഭവിച്ചായിരുന്നു സൈന നെഹ്‍‍വാള്‍ ഹൈദരാബാദിലെ അക്കാദമി വിട്ടത്.എന്നാല്‍ സൈനയെ വിമര്‍ശിക്കാന്‍ ഗോപി ഒരിക്കലും തയ്യാറായില്ല.സൈന ഗ്രൂപ്പ് ഘട്ടം പോലും കടത്താതെ പുറത്തായ റിയോ ഒളിംപിക്‌സില്‍ പി വി സിന്ധു വിസ്മയവിജയം സ്വന്തമാക്കുമ്പോള്‍ ഗോപിചന്ദിന് മധുരമുള്ള പ്രതികാരം കൂടിയാണ്. മാന്യനായ ഗോപി ഇത് അംഗീകരിക്കില്ലെങ്കിലും.