റിയോഡി ജനീറോ: കാഴ്ചക്കാരുടെ മനംകവരുന്ന ജിംനസ്റ്റിക്‌സില്‍ ഏറ്റവും അപകടകരമായ സ്റ്റൈലാണ് പ്രോഡുനോവ വോള്‍ട്ട്. ഈ വെല്ലുവിളി അതിജീവിച്ച അഞ്ചുതാരങ്ങളില്‍ ഒരാളാണ് ഇന്ന് ഇന്ത്യന്‍ പ്രതീക്ഷകളുമായി ഇറങ്ങുന്ന ദിപ കര്‍മാക്കര്‍.

പ്രോഡുനോവ വോള്‍ട്ട്. ജിംനാസ്റ്റിക്‌സില്‍ഒരു കായിക താരത്തിന്റെ പേരിലറിയപ്പെടുന്ന ശൈലി. മരണത്തെ മുന്നില്‍ നിര്‍ത്തിയുള്ള സാഹസികതയാണിത്. റഷ്യന്‍ ജിംനാസ്റ്റായ യെലേന പ്രൊഡുനോവയാണ് ഇത് പരീക്ഷിച്ച് വിജയിച്ചത്.

വോള്‍ട്ടിന് മുകളിലൂടെ രണ്ടു തവണ കരണം മറിഞ്ഞ് രണ്ടു കാലില്‍ ലാന്‍ഡു ചെയ്യുന്നതാണ് പ്രോഡുനോവ. ചെറിയൊരു പിഴവുപറ്റിയാല്‍ ലാന്‍ഡ് ചെയ്യുക മരണത്തിലേക്ക്, അല്ലെങ്കില്‍ നട്ടെല്ല് തകരും. പ്രോഡുനോവയ്‌ക്ക് ശേഷം യാമിലെറ്റ് പെനയും സാഹസികത മറികടന്നു.

മൂന്നാമത്തെ താരമായി ചരിത്രത്തില്‍ ഇടംപിടിച്ചത് നമ്മുടെ സ്വന്തം ദിപ കര്‍മാകര്‍. ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലായിരുന്നു ദിപ ചരിത്രത്തിന്റെ ഭാഗമായത്.