റിയോ ഡി ജനീറോ: ഒളിംപിക്‌സ് 800 മീറ്ററില്‍ സെമി പ്രതീക്ഷയുമായി മലയാളി താരം ടിന്റു ലൂക്ക ഇന്നിറങ്ങും. പുരുഷ ബാഡ്‌മിന്റണില്‍ കെ ശ്രീകാന്തിന്റെ ക്വാര്‍ട്ടര്‍ പോരാട്ടവും ഇന്നാണ്. വനിതകളുടെ ഗോള്‍ഫിലും ഗുസ്തിയിലും ഇന്ത്യക്ക് ഇന്ന് മത്സരമുണ്ട്.

ലണ്ടന്‍ ഒളിംപിക്‌സില്‍ സെമി വരെയെത്തിയ ടിന്റു ലൂക്ക റിയോയിലെ ട്രാക്കില്‍ ഇന്നിറങ്ങുകയാണ്. മൂന്നാം ഹീറ്റ്‌സില്‍ ഇറങ്ങുന്ന മലയാളി താരത്തിന്റെ മത്സരം രാത്രി 7.39നാണ്. മൂന്നാം ഹീറ്റ്‌സില്‍ ട്രാക്കിലിറങ്ങുന്ന ഏക ഏഷ്യന്‍ താരവുമാണ് ടിന്റു. ബാഡ്‌മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ സെമി ലക്ഷ്യമിട്ട് കെ ശ്രീകാന്ത് ഇന്ന് കളത്തിലിറങ്ങും. വൈകിട്ട് അഞ്ചിന് നടക്കുന്ന ക്വാര്‍ട്ടറില്‍ നിലവിലെ ചാംപ്യന്‍ ലിന്‍ ഡാനാണ് ശ്രീകാന്തിന്റെ എതിരാളി. വനിത ഗോള്‍ഫിലും ഇന്ത്യക്ക് ഇന്ന് മത്സരമുണ്ട്. വൈകിട്ട് നാലിന് തുടങ്ങുന്ന ആദ്യ റണ്ട് മത്സരത്തില്‍ അദിതി അശോകാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. വനിത ഗുസ്തിയാണ് ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുള്ള ഇന്നത്തെ പ്രധാന ഇനം. 48 കിലോ വിഭാഗത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് വിനേഷ് ഫോഗത്ത് ഗോദയിലിറങ്ങും. ഏഴു മണിക്ക് നടക്കുന്ന മത്സരത്തില്‍ റുമേനിയയുടെ എമീലിയ അലീനയാണ് വിനേഷിന്റെ എതിരാളി. 58 കിലോ വിഭാഗത്തില്‍ വൈകിട്ട് 6.38ന് സാക്ഷി മാലികിനും മത്സരമുണ്ട്. സ്വീഡന്റെ യൊഹാന മാറ്റ്‌സണെയാണ് സാക്ഷി നേരിടുന്നത്.