ബംഗലൂരു: ടാർജറ്റ് ഒളിമ്പിക് പോഡിയം(ടോപ്)പദ്ധതിയിൽ നിന്ന് ടിന്റു ലൂക്കയ്ക്ക് സഹായം ലഭിക്കാത്തത് എന്ത് കൊണ്ടാണെന്ന് അറിയില്ലെന്ന് പദ്ധതിയുടെ അദ്ധ്യക്ഷ അഞ്ജു ബോബി ജോർജ്ജ്.പി.ടി. ഉഷയുടെ പരാതി പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും എന്നും അഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ടാർജറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയിൽ ഉൾപ്പെട്ടിട്ടും ടിന്റു ലൂക്കക്കും ജിസ്നയ്ക്കും സഹായം ലഭിച്ചില്ലെന്ന് പി.ടി. ഉഷ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഉഷയുടെ പരാതി പല തവണ താൻ ടോപിന്റെ യോഗങ്ങളിൽ ഉന്നയിച്ചതാണെന്നും സഹായം ലഭിക്കാത്തത് എന്ത് കൊണ്ടാണെന്ന് പരിശോധിക്കുമെന്നും ടാർജറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയുടെ അദ്ധ്യക്ഷ അഞ്ജു ബോബി ജോർജ്ജ് വ്യക്തമാക്കി.
120 പേരെ റിയോയിലേക്ക് അയക്കണമെന്നായിരുന്നു ടാർജറ്റ് ഒളിമ്പിക്സ് പദ്ധതിയുടെ ആദ്യ ലക്ഷ്യമെന്നും ഇത് മറികടക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും അഞ്ജു പറഞ്ഞു. രണ്ടായിരത്തി ഇരുപതിലേയും ഇരുപത്തിനാലിലേയും ഒളിമ്പിക്സിനായി ജൂനിയർ താരങ്ങളെ കണ്ടെത്തി പരിശീലനം തുടങ്ങിയിട്ടുണ്ട്. രണ്ടായിരത്തി ഇരുപത്തിനാലിൽ മുന്നൂറ് പേർ ഒളിമ്പിക്സിൽ ഇന്ത്യൻ കുപ്പായമണിയുമെന്നാണ് ടോപ്പിന്റെ പ്രതീക്ഷയെന്നും അഞ്ജു പറഞ്ഞു.
