റിയോ ഡി ജനീറോ: മാരക്കാനയിലെ ഒളിംപിക് പാര്‍ക്കില്‍ ഉസൈന്‍ ബോള്‍ട്ട് പുതിയ ചരിത്രമെഴുതി. തുടര്‍ച്ചയായ മൂന്നാം ഒളിംപിക്സിലും സ്‌പ്രിന്റ് ഡബിള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ഓട്ടക്കാരനായി ഉസൈന്‍ ബോള്‍ട്ട് മാറി. 200 മീറ്ററില്‍ 19.78 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ബോള്‍ട്ട് തുടര്‍ച്ചയായ മൂന്നാം ഒളിംപിക്സിലും സ്‌പ്രിന്റ് ഡബിള്‍ തികച്ചത്. സെമിയിലും ഇതേസമയം തന്നെയാണ് ബോള്‍ട്ട് കുറിച്ചത്.
കാനഡയുടെ ആന്ദ്രെ ഡി ഗ്രാസെ(20.02) വെള്ളിയും ഫ്രാന്‍സിന്റെ ക്രിസ്റ്റഫര്‍ ലെമെയ്ട്രെ(20.12) വെങ്കലവും നേടി. ബ്രിട്ടന്റെ ആദം ഗെമില്ലിന്(20.12) സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ വ്യത്യാസത്തിന് വെങ്കലം നഷ്ടമായി. ഒളിംപിക്സില്‍ ബോള്‍ട്ടിന്റെ എട്ടാം സ്വര്‍ണമാണിത്. നാല് ഗുണം 100 മീറ്റര്‍ റിലേയില്‍ കൂടി ബോള്‍ട്ട് മത്സരിക്കുന്നുണ്ട്.
മത്സരത്തിന് മുമ്പേ 19 സെക്കന്‍ഡില്‍ താഴെ ഓടിയെത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ബോള്‍ട്ട് പ്രഖ്യാപിച്ചിരുന്നതിനാല്‍ റെക്കോര്‍ഡ് പ്രകടനം ഉണ്ടാവുമോ എന്നായിരുന്നു കായികലോകം ഉറ്റുനോക്കിയത്. എന്നാല്‍ കാറ്റ് പ്രതികൂലമായത് റെക്കോര്‍ഡ് ലക്ഷ്യത്തിന് മുമ്പില്‍ ബോള്‍ട്ടിന് വെല്ലുവിളിയായി. മത്സരശേഷം റെക്കോര്‍ഡ് നേടാനാവാത്തതിന്റെ നിരാശ ബോള്‍ട്ടിന്റെ മുഖത്ത് പ്രകടമായിരുന്നു.
