റിയോ ഡി ജനീറോ: റിയോ ഒളിംപിക്സില്‍ മെഡല്‍പ്പട്ടികയില്‍ ഇതുവരെ ഇടം നേടാനാവാത്തതിന്റെ നാണക്കേടിന് പിന്നാലെ ഇന്ത്യയ്ത്ത് മറ്റൊരു നാണക്കേടും. റിയോയില്‍ ഇന്ത്യന്‍ സംഘത്തിന്റെയൊപ്പമുള്ള കായിക മന്ത്രി വിജയ് ഗോയലിന്റെ നടപടികള്‍ക്കെതിരെ സംഘാടകര്‍ ഇന്ത്യയുടെ ചീഫ് ഡി മിഷന്‍ രാകേഷ് ഗുപ്തയ്ക്ക് പരാതി നല്‍കി. അക്രഡിറ്റഡ് മേഖലകളിലേക്ക് മന്ത്രിയും സംഘവും അനുവാദമില്ലാതെ കടന്നുചെല്ലുന്നുവെന്ന് കാണിച്ചാണ് സംഘാടകര്‍ പരാതി നല്‍കിയത്. ഇത് തുടര്‍ന്നാല്‍ മന്ത്രിയുടെയും കൂടെയുള്ളവരുടെയും അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്നും ഒളിംപിക്സ് സംഘാടക സമിതി മുന്നറിയിപ്പ് നല്‍കി.

അക്രഡിറ്റിഡ് മേഖലകളില്‍ അനുവാദമില്ലാതെ കടന്നുചെല്ലരുതെന്ന് സംഘാടകര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയപ്പോള്‍ മന്ത്രിയുടെ കൂടെയുള്ളവര്‍ തട്ടിക്കയറുകയും പരുഷമായി പെരുമാറുകയും വളന്റിയര്‍മാരെ തള്ളിമാറ്റാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് സംഘാടക സമിതി കോണ്ടിനെന്റല്‍ മാനേജര്‍ സാറാ പീറ്റേഴ്സണ്‍ രാകേഷ് ഗുപ്തയ്ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിരവധിതവണ മുന്നറിയിപ്പു നല്‍കിയിട്ടും കഴിഞ്ഞ ദിവസം ദിപ കര്‍മാക്കര്‍ മത്സരിച്ച ജിംനാസ്റ്റിക്സ് വേദിയിലും സമാനസംഭവമുണ്ടായതായി പീറ്റേഴ്സണ്‍ പരാതിയില്‍ പറയുന്നു. ഇത് ആവര്‍ത്തിച്ചാല്‍ കായികമന്ത്രിയുടെ അക്രഡിറ്റേഷനും പ്രത്യേക പരിഗണനയും എടുത്തുകളയുമെന്ന ശക്തമായ മുന്നറിയിപ്പും സംഘാടകര്‍ നല്‍കിയിട്ടുണ്ട്. ഇക്കാര്യം മന്ത്രിയെ അറിയിക്കുമെന്നാണ് കരുതുന്നതെന്നും രാകേഷ് ഗുപ്ത്യ്ക്ക് നല്‍കിയ കത്തില്‍ സാറാ പീറ്റേഴ്സണ്‍ പറയുന്നു.

അതേസമയം, സംഘാടകരുടെ നടപടി തെറ്റിദ്ധാരണമൂലമാകാമെന്നും താന്‍ പ്രോട്ടോക്കോള്‍ പാലിച്ചുതന്നെയാണ് വേദികളില്‍ പോയിരുന്നതെന്നും വിജയ് ഗോയല്‍ ട്വിറ്ററില്‍ വ്യക്തമാക്കി.

Scroll to load tweet…
Scroll to load tweet…