ദില്ലി: റിയോയില്‍ ഗുസ്തിയില്‍ വെങ്കലം നേടി രാജ്യത്തിന്റെ അഭിമാനമായ സാക്ഷി മാലിക്കിനെ പ്രശംസിച്ച് നിരവധി സന്ദേശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രവഹിച്ചത്. അതില്‍ ഒരു പക്ഷേ ഏറ്റവും ശ്രദ്ധേയമായ ട്വീറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരം വിരേന്ദര്‍ സെവാഗിന്‍റേതാണ്. പെണ്‍കുഞ്ഞുങ്ങളെ കൊല്ലാതിരുന്നാല്‍ എന്ത് സംഭവിക്കും എന്നതിന്റെ തെളിവാണ് സാക്ഷിയുടെ നേട്ടമെന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്.
ഒളിംപിക്‌സില്‍ ഇന്ത്യ പ്രതിസന്ധിയിലായപ്പോള്‍ ഒരു പെണ്‍കുട്ടിയാണ് രാജ്യത്തിന്റെ അഭിമാനമായതെന്നും സെവാഗ് അഭിപ്രായപ്പെട്ടു. നിരവധി പേരാണ് സെവാഗിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തത്. മറ്റൊരു ട്വീറ്റില്‍ റിയോയിലെ ഇന്ത്യന്‍ താരങ്ങളെ കളിയാക്കിയ ശോഭാ ഡേയ്ക്കുള്ള മറുപടിയും ഉണ്ടായിരുന്നു.
സാക്ഷിയുടെ മെഡല്‍ നേട്ടം കണ്ടല്ലോ, ശോഭ ഡേയൊക്കെ ഇപ്പോഴും ഉണ്ടല്ലോ അല്ലേ എന്നായിരുന്നു വീരുവിന്റെ ചോദ്യം. സെല്‍ഫി എടുത്ത് തിളങ്ങാനാണ് റിയോയിലേക്ക് ഇന്ത്യന്‍ താരങ്ങള്‍ പോകുന്നതെന്ന ശോഭയുടെ പ്രസ്താവന നേരത്തെ വലിയ വിവാദമായിരുന്നു.
