റിയോ ഡി ജനീറോ: വിശ്വമാനവികതയും സാര്‍വ സാഹോദര്യവുമാണ് ഒളിംപിക്‌സ് ലക്ഷ്യമിടുന്നത്. ഒളിംപിക് വേദികളില്‍ പോരാട്ടങ്ങള്‍ക്കൊപ്പം സൗഹൃദങ്ങളും പൂത്തുലയുന്നു. എന്നാല്‍ അത്രയ്‌ക്ക് സൗഹൃദം വേണ്ടെന്നാണ് സെര്‍ബിയന്‍ സര്‍ക്കാര്‍ താരങ്ങളോട് പറയുന്നത്, പ്രത്യേകിച്ച് കൊസോവോ താരങ്ങളോട്.
2008 ലാണ് സെര്‍ബിയയില്‍ നിന്നും കൊസൊവ സ്വതന്ത്രമാകുന്നത്. എങ്കിലും സെര്‍ബുകളും കൊസോവൊക്കാരും തമ്മിലുള്ള ശത്രുതക്ക് കുറവൊന്നുമുണ്ടായിട്ടില്ല.

റിയോ ഒളിംപിക്‌സിലേക്കും ചെന്നെത്തിയിരിക്കുന്നു ആ ശത്രുത എന്നതാണ് ഏറ്റവും ദുഖകരമായ കാര്യം. റിയോ ഒളിംപിക്‌സില്‍ സെര്‍ബിയന്‍ താരവും കൊസവോ താരവും മെഡല്‍ ‍നേടിയാല്‍ മെഡല്‍ദാന ചടങ്ങില്‍ നിന്ന് പിന്‍മാറണമെന്നാണ് സെര്‍ബിയന്‍ കായികമന്ത്രി വാന്‍ജ ഡോവിസിന്റെ ആവശ്യം.

കൊസോവയുടെ ദേശീയഗാനവും ദേശീയപതാകയും ഉയരുന്നതിലുള്ള എതിര്‍പ്പാണ് ഇതിനു കാരണമെന്നും മന്ത്രി പറയുന്നു. എന്നാല്‍ തീരുമാനം കായിക താരങ്ങളുടെ താല്‍പര്യത്തിനു വിടുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യലബ്ദിക്കു ശേഷം ആദ്യമായാണ് കൊസോവ ഒളിംപിക്‌സില്‍ മത്സരിക്കുന്നത്.