58 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിലാണ് ഇന്ത്യന്‍ താരം സാക്ഷി മാലിക്കിന്‍റെ വെങ്കല നേട്ടം. കിര്‍ഗിസ്ഥാന്‍ താരം ഐസുലു ടിന്‍ബെക്കോവയെ 8-5 നു പരാജയപ്പെടുത്തിയാണ് സാക്ഷി മെഡല്‍ സ്വന്തമാക്കിയത്. ആദ്യമായാണ് ഒളിമ്പിക്‌സില്‍ ഒരു ഇന്ത്യന്‍ വനിതാ ഗുസ്തിതാരം മെഡല്‍ നേടുന്നത്.

പ്രാഥമിക റൗണ്ടുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച സാക്ഷി ക്വാര്‍ട്ടറില്‍ വലേറിയ കോബ്ലോവയോട് പരാജയപ്പെട്ടിരുന്നു. തോറ്റെങ്കിലും വലേറിയ ഫൈനലില്‍ എത്തിയതിനാല്‍ റെപ്പഹാഷെ റൗണ്ടില്‍ മത്സരിച്ച് വെങ്കലം നേടാനുള്ള അവസരം സാക്ഷിക്ക് ലഭിച്ചത്. 

രണ്ട് മത്സരമാണ് റെപ്പഹാഷെ റൗണ്ടില്‍ ഉണ്ടായത്, ഫൈനലില്‍ രണ്ടാമത് എത്തിയ താരം മലര്‍ത്തിയടിച്ച മംഗോളിയൻ ഫയൽവാനെ മലത്തിയടിച്ചാണ് വെങ്കലമെഡൽ മൽസരത്തിന് സാക്ഷി യോഗ്യത നേടിയത്. വെങ്കലമെഡൽ മൽസരത്തിൽ കിര്‍ഗിസ്ഥാന്‍ താരം ഐസുലു ടിന്‍ബെക്കോവയോട് 0-5നു പിറകിൽ നിന്ന ശേഷമാണ് സാക്ഷി തിരിച്ചുവരവ് നടത്തി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തിതാരമായത്. 

എന്താണ് റെപ്പഹാഷെ റൗണ്ട്?

ഫ്രീസ്റ്റെയില്‍ ഗുസ്തിയിൽ പ്രീക്വാർട്ടറിലോ ക്വാർട്ടറിലോ തോറ്റ കായികതാരം മത്സരത്തില്‍ നിന്നും അപ്പോള്‍ തന്നെ പുറത്താകില്ല. വെങ്കല മെഡലിനായുള്ള ഇവരുടെ സാധ്യതകള്‍ അവസാനിക്കുന്നില്ല. ഒരു കായികതാരം പ്രീക്വാർട്ടറിലോ ക്വാർട്ടറിലോ പരാജയപ്പെടുകയാണെങ്കിലും അവരെ പരാജയപ്പെടുത്തിയ താരം ഫൈനലിൽ എത്തുകയാണെങ്കിൽ അവർ റെപ്പഹാഷെ റൗണ്ടില്‍ മത്സരിക്കാം. അതായത് ഫൈനലിലെത്തുന്ന ഫയൽവാന്മാർ പ്രീക്വാർട്ടറിലും ക്വാർട്ടറിലും തോൽപ്പിച്ചവർ മൽസരിക്കുകയും അതിൽ ജയിക്കുന്നവർ വെങ്കല മെഡലിന് വേണ്ടി സെമി ഫൈനലിൽ പരാജയപ്പെടുന്നവരോട് മൽസരിക്കുകയും ചെയ്യും. ബോക്സിംഗ് പോലെ തന്നെ ഗുസ്തിക്കും ഒളിംപിക്സിൽ രണ്ട് വെങ്കലമെഡലുകളുണ്ട്.


വാല്‍കഷ്ണം_ ബെയ്ജിംഗ് ഒളിമ്പിക്സിൽ സുശീൽ കുമാർ വെങ്കലമെഡൽ നേടിയത് ഇത്തരം ഒരു റൗണ്ടില്‍ മത്സരിച്ചാണ്. സുശീല്‍ കുമാര്‍ പിന്നീട് ലണ്ടന്‍ ഒളിംപിക്സില്‍ സുശീല്‍ കുമാര്‍ ഇത് വെള്ളിയായി ഉയര്‍ത്തി, അത്തരത്തില്‍ ഒരു പ്രകടനം ഇപ്പോള്‍ 23 വയസ് മാത്രമുള്ള സാക്ഷിയില്‍ നിന്നും പ്രതീക്ഷിക്കാം.