റിയോഡി ജനീറോ: ലോകകായിക മാമാങ്കത്തിന് തിരി തെളിയാന്‍ ഒരു രാത്രിയുടെ മാത്രം കാത്തിരിപ്പ്.റിയോ ഒളിംപിക്‌സിന് നാളെ കൊടിയേറും. ഫുട്ബോള്‍ ജീവവായുവായ നാട്ടില്‍, പെലെയുടെയും ഗാരിഞ്ചയുടെയും നാട്ടില്‍, സാംബാ നൃത്തത്തിന്റെ നാട്ടില്‍ ഒളിംപിക്‌സ് ദീപശിഖ തെളിയും. നിയാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30നാണ് ചടങ്ങുകള്‍ തുടങ്ങുക. ബ്രസീലിയന്‍ സമയം അനുസരിച്ച് നാളെ രാത്രി 8 മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍.

ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30 മുതല്‍ 3 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതാണ് ചടങ്ങുകള്‍. സിറ്റി ഓഫ് ഗോഡ് ഉള്‍പ്പെടെ നിരവധി ചിത്രങ്ങളൊരുക്കിയ വിഖ്യാത സംവിധായകന്‍ ഫെര്‍ണാണ്ടോ മിരെല്ലസാണ് ഉദ്ഘാടന ചടങ്ങുകള്‍ ഒരുക്കിയിരിക്കുന്നത്. ലണ്ടനിലും ബീംജിംഗിലും കണ്ട പണക്കൊഴുപ്പ് ബ്രസീലിലുണ്ടാവില്ലെന്നാണ് സൂചനകള്‍.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനിടെ കൂടുതല്‍ പണം ചെലവഴിക്കുന്നത് പ്രതിഷേധത്തിന് കാരണമാകുമെന്ന ആശങ്ക സംഘാടകര്‍ക്ക് ഉള്ളതിനാലാണിത്. അതേസമയം ബ്രസീലിയന്‍ സംസ്കാരത്തിന്‍റെ വൈവിധ്യമാന്ന കാഴ്ചകള്‍ ഉണ്ടാകും. ആമസോണ്‍ മഴക്കാടുകള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിക്കൊണ്ടുള്ള അവതരണങ്ങളും ഉദ്ഘാടനവേദിയിലുണ്ടാകും.

4000ത്തോളം താരങ്ങള്‍ കഴിഞ്ഞ 3 മാസമായി കടിന പരിശീലനത്തിലായിരുന്നു. ഫുട്ബോള്‍ ഇതിഹാസം പെലെ വരുന്ന കാര്യത്തില്‍ ഉപ്പോഴും തീരുമാനമായിട്ടില്ല. സ്‌പോണ്‍സര്‍മാര്‍‍ അനുവദിച്ചാല്‍ മാത്രമെ ഉദ്ഘാടനച്ചടങ്ങിന് വരാനാവൂ എന്ന് പെലെ വ്യക്തമാക്കിയിട്ടുണ്ട്.