റിയോ ഡി ജനീറോ: ഒളിംപിക്സില്‍ ഒരു മെഡല്‍. ഏതൊരു കായികതാരത്തിന്റെയും സ്വപ്നമാണിത്. ഏറെ പ്രയാസപ്പെട്ട് നേടുന്ന ആ മെഡൽ താരങ്ങള്‍ എന്താകും ആദ്യം ചെയ്യുക.കഷ്ടപ്പെട്ട് നേടിയ മെഡലിലൊരു കടി, റിയോയിലും ഈ കാഴ്ചയ്ക്ക് മാറ്റമുണ്ടായില്ല. ഫെല്‍പ്പ്സ്, ബോള്‍ട്ട്,ബൈല്‍സ്. ഇതിഹാസങ്ങൾ മുതൽ നമ്മുടെ സ്വന്തം സിന്ധുവും സാക്ഷിയും വരെ. പോഡിയത്തിലെത്തി മോഡൽകിട്ടിയാൽ എല്ലാവരും ചെയ്യുന്നത് ഒരേകാര്യം.
സ്വർണമായാലും വെങ്കലമായാലും മെഡൽ കടിക്കാതെ മടക്കമില്ല. എന്താണിതിന് പിന്നിലെന്ന് അറിയാമോ?. പണ്ട്, സമ്മാനമായി കിട്ടുന്ന മെഡലിന്റെ ഗുണംപരിശോധിക്കാൻ ചെയ്തിരുന്ന രീതിയായിരുന്നു ഇത്. ശുദ്ധ സ്വർണമാണെങ്കിൽ പല്ലിലെ പാട് മെഡലിൽ പതിയുമത്രേ. പല്ലിന്റെ ഇനാമലിന് സ്വർണത്തെക്കാൾ കട്ടിയുണ്ടെന്ന് ശാസ്ത്രവും. കാലങ്ങൾക്കിപ്പുറം മെഡലിന്റെ നിർമാണ രീതിതന്നെ മാറി. റിയോയില്‍ തങ്കമെഡലല്ല, 1.34 ശതമാനം മാത്രമാണ് സ്വര്‍ണം. 93 ശതമാനം വെള്ളിയും, 3ശതമാനം ചെമ്പും. ഇതിൽ കടിയല്ല, വെട്ടുപോലുമേൽക്കില്ല. എന്നിട്ടും താരങ്ങൾ മെഡലിൽ കടിക്കുന്ന രീതി കൈവിട്ടിട്ടില്ല.
അഥവാ താരങ്ങൾ കടിക്കാൻ മടിച്ചാൽ തന്നെ ഫോട്ടോഗ്രാഫർമാർക്ക് തൃപ്തിയാവില്ല. ചിത്രത്തിനായി മെഡലിൽ കടിപ്പിച്ചേ അവർ വിടൂ. ഇതോടെ എല്ലാ ഒളിംപിക്സുകളിലും ഒഴിവാക്കാനാവാത്ത ദൃശ്യമായിമാറി ഇത്.
