റിയോ ഡി ജനീറോ: അടുത്ത ടോക്കിയോ ഗെയിംസില്‍ സ്വര്‍ണം നേടുമെന്ന് ഒളിംപിക്സ് വെങ്കലമെഡൽ ജേതാവ് സാക്ഷി മാലിക്ക്. സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ പതാക വഹിക്കാന്‍ അവസരം ലഭിച്ചത് മറക്കാനാകാത്ത അനുഭവം ആയെന്നും സാക്ഷി റിയോയിൽ ഏഷ്യാനെറ്റ് ന്യൂസിനോട്
പറ‍ഞ്ഞു മെഡൽ നേട്ടത്തിന് ശേഷം ഒരു ദക്ഷിണേന്ത്യന്‍ ചാനലിന് സാക്ഷി നൽകുന്ന ആദ്യ അഭിമുഖമായിരുന്നു ഇത്.

ഗുസ്തിയിലെ വെങ്കലനേട്ടത്തിലൂടെ റിയോയിൽ മെഡലിനായുള്ള ഇന്ത്യന്‍ കാത്തിരിപ്പ് അവസാനിപ്പിച്ചതിന്റെ ആവേശത്തിലായിരുന്നു സാക്ഷി മാലിക്ക്. തന്റെ നേട്ടം ഇന്ത്യന്‍ ഗുസ്തിക്കും രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാകുമെന്നാണ് വിശ്വാസം. ഒളിംപിക്സിലെ മെഡലിലൂടെ അര്‍ജുന പുരസ്കാരം ലഭിക്കുമെന്നായിരുന്നു കരുതിയത്.

എന്നാൽ സച്ചിനും പെയ്സും സ്വന്തമാക്കിയ ഖേല്‍രത്ന പുരസ്കാരത്തിന് തന്നെ പരിഗണിക്കുന്നുവെന്ന വാര്‍ത്ത അത്ഭുതപ്പെടുത്തിയെന്നും സാക്ഷി പറഞ്ഞു. 2020ലെ ടോക്കിയോ ഗെയിംസിനുള്ള തയ്യാറെടുപ്പുകള്‍ ഉടന്‍ തുടങ്ങുമെന്നും സാക്ഷി വ്യക്തമാക്കി.