ഈ നൂറ്റാണ്ട് അവസാനമാകുമ്പോഴേക്കും ലോക കായിക മാമാങ്കമായ ഒളിംപിക്‌സ് ഉണ്ടാകില്ലത്രെ. ഓക്ക്‌ലന്‍ഡ് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ലോകത്ത് നടക്കുന്ന കാലാവസ്ഥാ വ്യതിയാനം മൂലമാണ് വേനല്‍ക്കാല ഒളിംപി‌ക്‌സ് നടത്താനാകാത്ത സ്ഥിതിവിശേഷം സംജാതമാകുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ അലിസ്റ്റയര്‍ വുഡ്‌വേര്‍ഡ് പറയുന്നു. 2085 ആകുമ്പോഴേക്കും ഒളിംപിക്‌സ് സംഘടിപ്പിക്കാന്‍ ശേഷിയുള്ള ലോകത്തെ വന്‍ നഗരങ്ങളില്‍ 90 ശതമാനം സ്ഥലത്തും കൊടുംചൂടും വരള്‍ച്ചയും ഉണ്ടാകും. എന്നാല്‍ വടക്കേ അമേരിക്കയിലെ മൂന്നു നഗരങ്ങളിലും ഏഷ്യയിലെ രണ്ടു നഗരങ്ങളിലും ഒളിംപിക്‌സ് നടത്താന്‍ വളരെ വിദൂരമായ നേരിയ സാധ്യത അവശേഷിക്കുന്നുണ്ടെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ കൊടിയ ചൂടു കാരണം ഈ നഗരങ്ങളിലൊക്കെ പകര്‍ച്ചവ്യാധികള്‍ പിടിപെട്ടേക്കാമെന്നും പഠനസംഘം നിരീക്ഷിക്കുന്നുണ്ട്. ചൂടും പൊടിക്കാറ്റും പകര്‍ച്ചവ്യാധികളും ജലദൗര്‍ലഭ്യവുമായിരിക്കും ഒളിംപിക്‌സ് നടത്താന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാക്കുന്നത്. 2050 കഴിഞ്ഞാല്‍ ലോകനഗരങ്ങള്‍ ചൂടിന്റെയും വരള്‍ച്ചയുടെയും പ്രശ്‌നങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങുമെന്നും പഠനത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.