റിയോ ഡി ജനീറോ: മെഡല്‍ പ്രതീക്ഷയായിരുന്ന ഗുസ്തിയിലും ഇന്ത്യയ്ക്ക് തിരിച്ചടി. വനിതകളുടെ ഗുസ്തിയില്‍ സാക്ഷി മാലിക്കും വിനേഷ ഫോഗട്ടും ക്വാര്‍ട്ടറില്‍ പുറത്തായി. 58 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സ്വീഡന്റെ മില്‍ന ജൊഹാന മാറ്റ്‌സണെ മലര്‍ത്തിയടിച്ച് ക്വാര്‍ട്ടറിലെത്തിയ സാക്ഷിക്ക് ക്വാര്‍ട്ടറില്‍ റഷ്യയുടെ വലേറിയ കൊബ്ലോവയുടെ മുന്നില്‍ അടിതെറ്റി. 9-2നായിരുന്നു കൊബ്ലോവയുടെ വിജയം.

ക്വാര്‍ട്ടറില്‍ തോറ്റെങ്കിലും കൊബ്ലോവ ഫൈനലിലേക്ക് യോഗ്യത നേടുകയാണെങ്കില്‍ റെപ്പാഷെ വഴി സാക്ഷിക്ക് വെങ്കല മെഡലിനായി മത്സരിക്കാനാവും.48 കിലോ വിഭാഗം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ റുമാനിയയുടെ അലീന എമിലയെ കീഴടക്കി ക്വാര്‍ട്ടറിലെത്തിയ വിനേഷ ഫോഗട്ടും തോറ്റത് ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടിയായി. ചൈനീസ് എതിരാളിക്ക് മുമ്പിലാണ് വിനേഷയ്ക്ക് അടിതെറ്റിയത്. ചൈനയുടെ സുന്‍ യുനാനിനെതിരെ ആദ്യപകുതിയില്‍ 1-2ന് പിന്നില്‍ നില്‍ക്കെ വിനേഷ കാലിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് പിന്‍മാറുകയായിരുന്നു.