കുഞ്ഞുനാളു മുതലേ ഗൗരിക സിംഗിന്റെ വഴി വേറിട്ടതായിരുന്നു. കൂട്ടുകാരികള്‍ കളിപ്പാട്ടങ്ങളോട് സമയം പങ്കിട്ടപ്പോള്‍ ഗൗരികക്ക് സാഹസികതായിരുന്നു ഇഷ്ടം. തെരഞ്ഞെടുത്തത് നീന്തല്‍ക്കുളം. അങ്ങിനെ 13 വയസ്സിനുളളില്‍ നിരവധി നേട്ടങ്ങളെ പുറകിലാക്കി ഗൗരിക നീന്തിക്കയറി. ഇഷ്ടയിനം 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക്. കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നടന്ന ലോക നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ ശ്രദ്ധേയമായ പ്രകടനം. തുടര്‍ന്ന് നടന്ന സാഫ് ഗെയിംസില്‍ ഒരു വെളളിയും മൂന്നു വെങ്കലവുമുള്‍പ്പടെ നാല് മെഡലുകള്‍. 100 മീറ്ററില്‍ ഒരു മിനിറ്റും 7.31 സെക്കന്റ് എന്ന ദേശീയ റെക്കോര്‍ഡും ഈ പതിമൂന്നു കാരിയുടെ പേരില്‍ തന്നെ. ഒരു ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് നീന്തിക്കയറിയ അനുഭവം കൂടിയുണ്ട് ഗൗരികയ്ക്ക്. കഴിഞ്ഞ വര്‍ഷം നേപ്പാളിനെ പിടിച്ചുലച്ച ഭൂകമമ്പത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതാണ് ഗൗരികയുടെ കുടുംബം. ഈ ദുരന്തത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ഗൗരികക്ക് ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല. ഭൂകമ്പത്തെ തുടര്‍ന്ന് ലണ്ടനിലെത്തിയ ഗൗരിക, ബാര്‍നെറ്റ് കപ്റ്റാള്‍ ക്ലബിലായിരുന്നു പരിശീലനം തുടര്‍ന്നത്. ഇനി റിയോയില്‍. ഒളിംപിക് മെഡലിനൊപ്പം സ്വന്തം പേരിലുളള ദേശീയ റെക്കോര്‍ഡ് തിരുത്തുക എന്ന ലക്ഷ്യം കൂടി ഈ കൊച്ചു താരത്തിനുണ്ട്.