അങ്ങനെ വീണ്ടും ഒരു ഓണക്കാലം വന്നിരിക്കുന്നു, തന്റെ പ്രജകളെ കാണുവാൻ പ്രതീക്ഷയോടെ മാവേലി തമ്പുരാൻ പാതളത്തില്‍ നിന്ന് ഭൂമിയിലേയ്ക്ക് വന്നു. പതിവ് ഓണാഘോഷങ്ങളും ആവേശവും പ്രതീക്ഷിച്ചെത്തിയ മാവേലിക്ക് പക്ഷെ പണി നൈസായി പാളി. മാസ്‌കിട്ട്, ഗ്യാപ്പിട്ട്, സോപ്പിട്ട് ഓണം ആഘോഷിക്കാൻ ഒരുങ്ങുന്ന മലയാളിയെ പറ്റി മാവേലി അറിഞ്ഞില്ലെന്ന് തോന്നുന്നു. കേരളത്തിലെത്തിയ ആവേശത്തില്‍ മാവേലി ഒരു തകർപ്പൻ ഡാൻസ് തന്നെ ആദ്യം കളിച്ചു. പെട്ടന്നുള്ള വരവായതിനാല്‍ തന്നെ മൂപ്പരുടെ കൈയ്യില്‍ മാസ്ക് ഇല്ലായിരുന്നുവെന്ന് തോന്നുന്നു. ഡാൻസിന്റെ ആവേശം കൂടി വന്നപ്പോൾ മാവേലി ഒന്ന് തുമ്മിപോയി. പിന്നെ എല്ലാം പെട്ടന്നായിരുന്നു. ചീറി പാഞ്ച് വന്ന ആബുംലൻസിലേയ്ക്ക് മാവേലിയെ കയറ്റി ആരോഗ്യപ്രവർത്തകർ, അങ്ങനെ നാടു കാണുവാൻ വന്ന മാവേലി തമ്പുരാൻ ക്വാറന്റീനില്‍. പറഞ്ഞു വന്ന കഥ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്ന Happy coronam  എന്ന ആനിമേറ്റഡ് വീഡിയോയെ പറ്റിയാണ്.

കോവിഡ് കാലത്ത് കേരളത്തിലെത്തുന്ന മാവേലിയുടെ അവസ്ഥയാണ് രസകരമായ രീതിയില്‍ വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും ആനിമേഷൻ ഒരുക്കിയതും ആനിമേറ്ററായ സുവി വിജയ് ആണ്. തമാശ കലർത്തി അവതരിപ്പിച്ചിരിക്കുന്ന വീഡിയോ മാസ്ക് വയ്ക്കേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടുന്നു. ലോകത്തിന്റെ പല ഭാഗത്തിരുന്നാണ് മലയാളികളായ അണിയറ പ്രവർത്തകർ വീഡിയോയിക്കായി വർക്ക് ചെയ്തത്. ഡി.എ.വസന്താണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.