സദ്യയിലെ ഒരു പ്രധാന വിഭവമാണ് കാളന്‍. ഒരുനല്ല കുട്ടുകറിയായും ഒഴിച്ചുകറിയായും കാളൻ സദ്യയിൽ ഉപയോഗിക്കാറുണ്ട്. ഏത്തയ്ക്ക, ചേന എന്നിവയാണ് ഈ കറിയിലെ പച്ചക്കറികൾ . നാളികേരം പച്ചക്ക് അരച്ചതും തൈരും ആണ് ഇതിലെ പ്രധാനപ്പെട്ട മറ്റ് ചേരുവകൾ. പുളിശ്ശേരിയുമായി നല്ല സാമ്യമുള്ള കാളൻ തയ്യാറാക്കുന്ന വിധം.

ആവശ്യമായ സാധനങ്ങൾ

പുളിയുള്ള തൈര്‌, പച്ചമുളക്‌ , മഞ്ഞൾപ്പൊടി ജീരകം, തേങ്ങ, ഉലുവ, കടുക്‌, വറ്റൽ മുളക്‌, വെളിച്ചെണ്ണ, ഉലുവപ്പൊടി, തേങ്ങ ചുരണ്ടിയതും കൊത്തിയരിഞ്ഞതും ഉപയോഗിക്കാറുണ്ട്.

പാചകം ചെയ്യുന്ന വിധം

പച്ചമുളക്‌ കഴുകി നെടുകെ പിളർത്ത് കൽച്ചട്ടിയിലിട്ട്‌ മഞ്ഞൾപ്പൊടിയും ഒരു കപ്പ്‌ വെള്ളവും ചേർത്ത്‌ വേവിക്കുക. വെള്ളം വറ്റാറാകുമ്പോൾ കലക്കിയ തൈര്‌ ഇതിലേക്കൊഴിച്ച്‌ ചൂടാക്കുക. തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. അപ്പോൾ സാവധാനം തൈരിന്‌ മുകളിലേക്ക്‌ കുറേശെ പതപോലെ പൊങ്ങിവരും. നന്നായി ഇളക്കി ഇത്‌ വറ്റിച്ച് കുറുക്കുക.

കാളൻ വേണ്ടത്ര കുറുകിക്കഴിഞ്ഞാൽ തേങ്ങയും ജീരകവുംകൂടി മിനുസമായി അരച്ചതു ചേർക്കുക. നന്നായി ഇളക്കി വക്കുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച്‌ കടുക്‌, മുളക്‌ മുറിച്ചത്‌, ഉലുവ ഇവയിട്ട്‌ മൂപ്പിച്ച്‌ കടുക്‌ പൊട്ടിയാലുടൻ കറിയിലേക്കൊഴിക്കുക. കറിവേപ്പിലയുമിട്ട്‌ ഉലുവപ്പൊടി തൂകി ഇളക്കിവക്കുക. അൽപംകൂടി കഴിഞ്ഞ്‌ ഉപ്പിട്ട്‌ നന്നായി ഇളക്കുക.