Asianet News MalayalamAsianet News Malayalam

Onam 2022 : മലയാളി ഇന്ന് തിരുവോണ ആഘോഷത്തില്‍

ഓണം എന്നത്  മലയാളികൾക്ക് എന്നും കൂട്ടായ്മയുടെ ഉത്സവമാണ്. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെ കുടുംബത്തിനും കൂട്ടുകാർക്കൊപ്പവും ആഘോഷിക്കുന്നതാണ് മലയാളിയുടെ രീതി.

malayali celebrate onam today
Author
First Published Sep 8, 2022, 3:25 AM IST

തിരുവനന്തപുരം: വറുതിയുടെ കര്‍ക്കിടത്തിന് ശേഷം സമൃദ്ധിയുടെ ചിങ്ങമാസത്തിലെ തിരുവോണം മലയാളിയുടെ ഉത്സവമാണ്. രണ്ട് വര്‍ഷം മഹാമാരിയുടെ കെട്ടില്‍പെട്ട് നിറംമങ്ങിയ ഓണം വീണ്ടും ആഘോഷമാക്കുകയാണ് മലയാളി. ലോകമെങ്ങുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്. ഓണക്കോടിയും, പൂക്കളവും, സദ്യവും, വര്‍ണ്ണാഭമായ പരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നു.

ഓണം എന്നത്  മലയാളികൾക്ക് എന്നും കൂട്ടായ്മയുടെ ഉത്സവമാണ്. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെ കുടുംബത്തിനും കൂട്ടുകാർക്കൊപ്പവും ആഘോഷിക്കുന്നതാണ് മലയാളിയുടെ രീതി.  നമ്മുടെ നാട്ടിലെ മറ്റേതൊരു ആഘോഷങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഓണം. ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ, ജാതിമതഭേദമില്ലാതെ കേരളക്കര മുഴുവൻ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഉത്സവമാണിത്. 

കേരളത്തില്‍ നവവത്സരത്തിന്റെ ആഗമനം കുറിക്കുന്ന മാസമായ ചിങ്ങത്തില്‍ തന്നെയാണ് മലയാളിയുടെ ഏറ്റവും വലിയ ഉത്സവമായ ഓണവും വന്നണയുന്നത്. ഇംഗ്ലീഷ് കലണ്ടറില്‍ ആഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളില്‍. കേരളത്തിന്റെ കാര്‍ഷികോത്സവവും കൂടിയാണ് ഓണം. അത്തം നാളില്‍ തുടങ്ങി പത്താം ദിവസം തിരുവോണമായി. ഈ പത്തു ദിവസവും വീട്ടുമുറ്റത്ത് പൂക്കളം തീര്‍ക്കുന്ന പതിവുണ്ട്. 'ഓണക്കോടി' എന്ന പുതുവസ്ത്രങ്ങളണിഞ്ഞാണ് മലയാളി ഓണത്തെ എതിരേല്‍ക്കുന്നത്. 

ഓണാഘോഷം തുടങ്ങുന്നത് പൂക്കളം ഇടുന്നതോടുകൂടിയാണ്. പണ്ടൊക്കെ പിള്ളേരോണം മുതലായിരുന്നു പൂക്കളം ഇടുന്നതെന്നും കേൾക്കുന്നു. ഇന്ന് അത്തം മുതലാണ് പൂക്കളമിടുന്നത്. തുമ്പപ്പൂ, തുളസിപ്പൂ, തൊട്ടാവാടിപ്പൂ, മുക്കുറ്റിപ്പൂ, കൊങ്ങിണി, വാഴക്കൂമ്പ്, ഇലകൾ ഫലങ്ങൾ തുടങ്ങി പ്രകൃതിയിലുള്ളതെല്ലാം എല്ലാം പൂക്കളത്തിൽ സ്ഥാനം പിടിച്ചവയാണ്. പൂവിടുന്നതിനുമുണ്ട് ചില ചിട്ടകൾ. അതിനു പ്രാദേശികമായി ചില മാറ്റങ്ങള്‍ ഉണ്ടാകാം. ഓണക്കാലത്തോടനുബന്ധിച്ച് പലതരം വിനോദങ്ങളിലും കേരളീയ ജനത ഏര്‍പ്പെടാറുണ്ട്. വള്ളം കളി അവയിലൊന്ന്. 

വഞ്ചിയില്‍ പാട്ടും പാടി തുഴഞ്ഞ് മത്സരത്തില്‍ ഒന്നാമതെത്താന്‍ ശ്രമിക്കുന്നതാണ് വള്ളം കളിയുടെ രീതി. തെക്കന്‍ കേരളത്തിലെ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഈ വിനോദത്തിനു പ്രാമുഖ്യം. പുലിയുടെ വേഷം കെട്ടിയുള്ള കളിയാണ് 'പുലിക്കളി'. ചിങ്ങമാസത്തിലെ ഓണാഘോഷത്തോടനുബന്ധിച്ചാണ് ഇത് അരങ്ങേറുന്നത്. നല്ല മെയ്‌വഴക്കവും ബലവുമുള്ള പുരുഷന്മാരാണ് പുലിവേഷം കെട്ടുന്നത്. 'കടുവകളി' എന്നും ഇതിനു പറയാറുണ്ട്. മധ്യകേരളത്തില്‍, പ്രത്യേകിച്ച് തൃശ്ശൂരിലും പ്രാന്ത പ്രദേശങ്ങളിലും എറണാകുളം ജില്ലയിലെ തൃക്കാക്കര പോലുള്ള ദേശങ്ങളിലുമാണ് ഈ വിനോദ കലയ്ക്ക് കൂടുതല്‍ പ്രചാരം.

തിരുവോണത്തിനു രാവിലെ നിലവിളക്കു കത്തിച്ചു വച്ച് അരിമാവിൽ വെണ്ടയില ഇടിച്ചു പിഴിഞ്ഞു കുറുക്കി കൈകൊണ്ടു കോലം വരയ്ക്കും. നക്ഷത്രം, സ്വസ്തി എന്നീ ചിഹ്നങ്ങളും കാണും. അതിനുശേഷമാണ് പൂക്കളത്തിൽ അട നിവേദിക്കുന്നത്. പൂവട എന്നാണ് ഇതിനു പറയുക. തിരുവോണദിവസം വൈകുന്നേരം തേങ്ങാപ്പീരയും ശർക്കരയും തിരുമ്മി വീടിന്റെ നാലു ദിക്കിലും വയ്ക്കുന്നു. ഇത് ഉറുമ്പിനോണം കൊടുക്കുക എന്ന സങ്കൽപ്പമാണ്. അരിമാവു കൊണ്ടു ഭിത്തിയിൽ കോലം വരയ്ക്കുന്നതിന് പല്ലിക്ക് ഓണം കൊടുക്കുക എന്നു പറയും. ചിലയിടത്ത് അരിമാവിൽ കൈമുക്കി ഭിത്തിയിലും വാതിലിലും പതിപ്പിക്കാറുമുണ്ട്

ഓണത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണമാണ് ഓണസദ്യ. നാക്കിലയിലാണ് ഓണസദ്യ വിളമ്പാറുള്ളത്. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ്‌ ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും പിന്നീട്‌ വന്നതാണ്‌. നാലുകൂട്ടം ഉപ്പിലിട്ടതാണ്‌ കണക്ക്‌- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്‌. പപ്പടം ഇടത്തരം ആയിരിക്കും. ചേന, പയർ‌, വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക്‌ എന്നീ ഉപ്പേരികള്‍ക്ക് പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും. ഓരോ ദേശത്തിന് അനുസരിച്ചും സദ്യവട്ടത്തില്‍ വിത്യാസങ്ങള്‍ ഉണ്ടാകും

ഉത്രാടപ്പാച്ചിലില്‍ പ്രവാസികളും; നിയന്ത്രണങ്ങള്‍ നീങ്ങിയപ്പോള്‍ ഇക്കുറി ആവേശം വാനോളം

തിരുവോണം മഴ കൊണ്ട് പോകുമോ? 204.4 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും; മുന്നറിയിപ്പ് ഇങ്ങനെ

Follow Us:
Download App:
  • android
  • ios