ഓണത്തിന് മലയാളിക്ക് ഒഴിച്ചുനിര്‍ത്താന്‍ പറ്റാത്ത് ചിലതുണ്ട്. ഓണപ്പാട്ട്, ഓണക്കളികള്‍, ഇതോടൊപ്പം നില്‍ക്കുന്ന ഒന്നാണ് ഓണക്കോടി. ഓണക്കോടിയുടുക്കാത്ത മലയാളികള്‍ ഓണത്തിനുണ്ടാവില്ല. കോടിയുടുക്കാനുള്ള വസ്ത്രങ്ങളുടെ വിൽപനയിലേക്ക് വിപണി ചുവടുമാറിക്കഴിഞ്ഞു. വിഷുവിനു കൈനീട്ടം നൽകുന്നതുപോലെ ഓണത്തിനു കോടിവസ്ത്രമാണു കുടുംബനാഥൻ ഇളമുറക്കാർക്കു നൽകുന്നത്. എല്ലാവർക്കും ഗൃഹനാഥന്റെ കയ്യിൽനിന്ന് ഓണക്കോടി കിട്ടും. ഓണക്കോടി ഉടുത്ത് എല്ലാ കേരളീയരും തങ്ങളുടെ നല്ല കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് നടത്തുന്നു. കസവുമുണ്ടും കസവുസാരിയും എല്ലാം നമ്മുടെ ഉള്ളിലെ ഗൃഹാതുരതയെ ഉണര്‍ത്തുന്നതാണ്.

ചിങ്ങം എത്തും മുൻപേ  തുണിക്കടകളിൽ ജനം എത്തിത്തുടങ്ങിയിരിക്കുകയാണ്. കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള മികച്ച ഉല്‍പനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ വസ്ത്ര വ്യാപാരികളും ശ്രമിക്കുന്നു. കസവുസാരി, കസവുമുണ്ട്‌, പട്ടുപാവാട എന്നിവ വിപണിയിലുണ്ട്‌. കസവിൽ  ഫാബ്രിക്‌ ഡിസൈൻ ചെയ്‌ത വസ്‌ത്രങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്‌. കുട്ടികൾക്ക്‌ അനുയോജ്യമായ കസവ്‌ വസ്‌ത്രങ്ങളും വിപണിയിലുണ്ട്‌. കസവ്‌ ഉടുപ്പുകളും മുണ്ടുകളും ചെറിയ  സാരിയുമെല്ലാം വിപണിയിൽ താരങ്ങളാണ്‌. ഓരോ വ്യാപാരികളും അവരുടേതായ ബ്രാന്‍ഡിനു വിശ്വാസം ഉറപ്പിക്കാന്‍ പ്രത്യേകം പരിശ്രമിക്കുന്നുണ്ട്