ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ ഓണവിപണിയും സജീവമായിട്ടുണ്ട്

സമൃദ്ധിയുടെ ഓണക്കാലത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് മലയാളികൾ. കോവിഡ് കാലത്തെ രണ്ടാമത്തെ ഓണം ആയതിനാൽ തന്നെ ജാഗ്രതോടെ വേണം ഓണം ആഘോഷിക്കാൻ. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ ഓണവിപണിയും സജീവമായിട്ടുണ്ട്. പുതിയ ഉൽപന്ന നിരയും ഓഫറുകളും അവതരിപ്പിച്ച് ഓണത്തെ വരവേൽക്കാൻ കടകളും ഒരുങ്ങിയതോടെ ടെക്സ്റ്റൈൽസ്, ഗൃഹോപകരണങ്ങൾ, വാഹനം, മൊബൈൽഫോൺ, സ്വർണം, പഴം-പച്ചക്കറി തുടങ്ങി എല്ലാ വ്യാപാര മേഖലകളും സജീവമായി. ആഘോഷങ്ങൾക്ക് കോട്ടം വരാതെ സുരക്ഷ പാലിക്കാൻ എല്ലാവരും കരുതണം. കോവിഡ് കാലമായതിനാല്‍ പരമാവധി ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഒത്തുകൂടലുകള്‍ സൂം പോലുള്ള മാധ്യമങ്ങളിലൂടെ ആക്കുകയാണെങ്കില്‍ സുരക്ഷ കാര്യത്തില്‍ കൂടുതല്‍ കരുതലുണ്ടാക്കാനും രോഗപകര്‍ച്ച തടയാനും സാധിക്കും.

ഓണത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സദ്യ. അതുകൊണ്ടുതന്നെ സദ്യയൊരുക്കുന്നതു മുതല്‍ ശ്രദ്ധിക്കണം. കോവിഡിനെ ചെറുക്കാന്‍ മാത്രമല്ല, നല്ല ആരോഗ്യത്തിന്‌ പ്രതിരോധശേഷി അത്യാവശ്യമാണ്‌. വലിച്ചുവാരി കഴിക്കുന്നതും, സമയത്ത്കഴിക്കാതിരിക്കുന്നതും വിശപ്പില്ലാതെ കഴിക്കുന്നതും പ്രതികൂലമായി ബാധിക്കാം. മുന്‍കരുതലോടെ വേണം നാം ഈ ഓണത്തിന്‌ സദ്യ കഴിക്കാന്‍ എന്നാണ്‌ ആരോഗ്യവിദഗ്‌ധര്‍ പറയുന്നത്. ശരിയായി ദഹിക്കുന്നതും പോഷകം ഉള്ളതുമായ ഭക്ഷണ വിഭവങ്ങള്‍ സദ്യയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. നമ്മുടെ നാടും നഗരവുമൊന്നും കോവിഡില്‍നിന്നും മുക്തമല്ല എന്നും ആരില്‍ നിന്നും കോവിഡ് പകരുമെന്ന് മറക്കരുത്. പ്രത്യേകിച്ചും സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുമ്പോൾ ജാഗ്രത പാലിക്കണം. പുറത്ത് പോകുമ്പോൾ മാസ്കും ഹാൻഡ് സാനിറ്റൈസറും കരുതിയിരിക്കണം. ഓണവും ഓണാഘോഷവും മലയാളികള്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ്. അതുപോലെ തന്നെയാണ് ഓണക്കോടികളുടെ കാര്യവും. മുതിര്‍ന്നവരാണ് വീട്ടിലുള്ള എല്ലാവര്‍ക്കും ഓണക്കോടികള്‍ സമ്മാനിക്കുന്നത്. ഇതിനായി സകുടുംബം തുണിക്കടകള്‍ കയറി ഇറങ്ങുന്ന കാഴ്ച്ചയാണ് കഴിഞ്ഞ വര്‍ഷംവരെ നാം കണ്ടത്. എന്നാല്‍ കൊറോണ കാലം ആയത് കൊണ്ട് ഇത്തവണ അതില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ആദ്യമായി ചെയ്യേണ്ടത് കുടുംബത്തില്‍ ആര്‍ക്കൊക്കെഎന്തൊക്കെ വസ്ത്രമാണ് എടുക്കേണ്ടത് എന്നതിനെ കുറിച്ച് കൃത്യമായി പ്ലാന്‍ ചെയ്യുക. വസ്ത്രങ്ങളുടെ അളവ്, ഇഷ്ട നിറം എന്നിവചോദിച്ചറിയുക. അളവ് കൃത്യമാകാന്‍ സാംപിള്‍ വസ്ത്രം കൂടി കൈയ്യില്‍ കരുതുക. ശേഷം ഒരു ലിസ്റ്റ് തയ്യാറാക്കുക. കുടുംബത്തിലെ എല്ലാവര്‍ക്കും വസ്ത്രം തിരഞ്ഞെടുക്കാന്‍ കഴിവുള്ള ഒരാള്‍ മാത്രം അല്ലെങ്കില്‍ രണ്ട് പേര്‍ മാത്രം വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ പോവുക.

പല തരത്തിലുള്ള ആചാരങ്ങളും ആഘോഷങ്ങളും ചേരുമ്പോഴാണ് ഓരോ ഓണവും പൂർണ്ണമാകുന്നത്. എന്നാൽ കഴിഞ്ഞ വർഷങ്ങളായി മലയാളിക്ക് ഓണനാളുകൾ അത്ര ആഘോഷഭരിതമല്ല. കൊറോണക്കാലത്ത് എത്തിയ ഓണം. കൊവിഡ് 19 ഭീതിക്കിടയിലെ ഓണം. വീടുകളിൽ ഒതുങ്ങിയ ഓണം. ഓണവിനോദങ്ങളും ഓണക്കളികളുമൊന്നും ഇല്ല. വീട്ടിലെ പരിമിതിക്കുള്ളിൽ നിന്നുള്ള ആഘോഷങ്ങൾ മാത്രം. അടുത്ത വർഷമെങ്കിലും ഈ വൈറസ് ഭീതിയിൽ നിന്ന് മുക്തരായി പഴയ ആർഭാടത്തോടെ ഓണം ആഘോഷിക്കാം എന്ന പ്രതീക്ഷയിലാണ് ഓരോ മലയാളിയും.