പായസം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ഓണസദ്യയിൽ പായസം തന്നെയാണ് വിഐപി. പഴംപ്രഥമന്‍, സേമിയ, അരി, അട തുടങ്ങി നിരവധി പായസങ്ങള്‍ ഓണത്തിനുണ്ടാകും. അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ് കാരറ്റ് പായസം. ഇത്തവണ ഓണത്തിന് സെപ്ഷ്യൽ കാരറ്റ് പായസം ഉണ്ടാക്കി നോക്കാം. 

ഉണ്ടാക്കാൻ വേണ്ട ചേരുവകള്‍

കാരറ്റ് ചുരണ്ടിയത്- 2 കപ്പ്
പാല്‍- രണ്ട് കപ്പ്
പഞ്ചസാര- അര കപ്പ്
നെയ്യ്- അര ടേബിള്‍ സ്പൂണ്‍ + അര ടീസ്പൂണ്‍
കശുവണ്ടി-8 എണ്ണം പൊട്ടിച്ചത്
കുങ്കുമം- നാല് ഇതള്‍
ഏലയ്ക്കാപ്പൊടി-  കാല്‍ ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം

1. ഒരു പാത്രത്തില്‍ അര ടേബിള്‍ സ്പൂണ്‍ നെയ്യ് ചേര്‍ക്കുക. ചൂടായതിന് ശേഷം അതിലേക്ക് ചുരണ്ടിവെച്ച കാരറ്റ് ചേര്‍ക്കുക. അല്‍പ്പനേരം വഴറ്റുക. ഇതിന് ഒരു 7-10 മിനിറ്റ് വേണ്ടിവരും. അതുവരെ ചെറുചൂടില്‍ നന്നായി ഇളക്കുക.

2. ഇതിലേക്ക് ഒരു കപ്പ് പാല്‍ ഒഴിച്ച് ചെറുചൂടില്‍ തിളപ്പിക്കുക. കാരറ്റ് നന്നായി വേവുന്നത് വരെ ഇത് തിളപ്പിക്കുക. കാരറ്റ് വെന്തുകഴിഞ്ഞാല്‍ ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് അഞ്ച് മിനിറ്റ് വേവിക്കുക. നന്നായി ഇളക്കുക.

3. ഒരു ടേബിള്‍ സ്പൂണ്‍ പാല്‍ എടുത്ത് അതിലേക്ക് കുങ്കുമപ്പൂ ചേര്‍ക്കുക.

4. അതിന് ശേഷം കുങ്കുമം ചേര്‍ത്ത പാല്‍ കാരറ്റ് മിശ്രിതത്തിലേക്ക് ഒഴിക്കുക. അരകപ്പ് പാല്‍, ഏലയ്ക്കപ്പൊടി, എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ഇത് കട്ടിയായി വരുമ്പോള്‍ ബാക്കിയുള്ള അരകപ്പ് പാല്‍കൂടി ഇതിലേക്ക് ഒഴിച്ച ശേഷം തീ അണയ്ക്കുക. 

5. ഒരു ചീന ചട്ടിയില്‍ അല്‍പ്പം നെയ്യ് ചൂടാക്കി അതിലേക്ക് കശുവണ്ടിയിട്ട് വഴറ്റി പായസത്തിലേക്ക് ചേര്‍ക്കാം.