കേരളത്തിലെ തനതായ ഒരു കലാരൂപമാണ് പുലികളി അഥവാ കടുവക്കളി

ഓണം എന്നത് മലയാളികൾക്ക് ഗൃഹാതുരതയുടെയും , കൂട്ടായ്‌മയുടെയും ആഘോഷം തന്നെയാണ് . പൂക്കളവും , ഓണക്കോടിയും , രുചിക്കൂട്ട് നിറയുന്ന സദ്യയും , ഓണക്കളികളുമായി ഒക്കെയായി ഓണം ഒരുത്സവം തന്നെയായി കൊണ്ടാടുന്നവരാണ് മലയാളികൾ .ഒരു കാലത്ത് വിവിധ തരത്തിലുള്ള കളികൾ ഓണനാളുകളിൽ അരങ്ങേറുമായിരുന്നു. ഇന്നത് വടംവലി , കസേരകളി തുടങ്ങി ചുരുക്കം ചില കളികളിലേക്കു അവ ഒതുങ്ങി പോയിരിക്കുന്നു. കേരളീയ നാടോടി കലാരൂപങ്ങളുടെ വര്‍ണ്ണവൈവിധ്യവും താളവും ഗോത്രസ്വഭാവവും ഒക്കെച്ചേര്‍ന്ന ഒരു ഓണോത്സവ കളികൾ ഒരു പാട് ഉണ്ട്. പ്രദേശവ്യത്യാസങ്ങൾ അനുസരിച്ചു കളികൾക്ക് ചെറിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, എല്ലാ കളികളും സമാനരീതിയിൽ ഉള്ളവ തന്നെയാണ് .

പുലികളി

കേരളത്തിലെ തനതായ ഒരു കലാരൂപമാണ് പുലികളി അഥവാ കടുവക്കളി. ഓണക്കാലങ്ങളിലാണ് ഈ കലാരൂപം അവതരിപ്പിച്ച്‌ വരാറുള്ളത് . ഈ കലാരൂപത്തിന് ഏകദേശം 200 വര്‍ഷത്തെ പഴക്കമുണ്ട്. രാമവര്‍മ രാജാവിന്റെ കാലത്ത് പട്ടാളത്തിലെ മുസ്‌ലീം പട്ടാളക്കാര്‍ മുഹറം ആഘോഷിക്കുന്നതിന്റെ ഭാഗമായി 'പുലികെട്ടിക്കളി' നടത്തിയിരുന്നു. പ്രത്യേകതരം താളവും ചുവടുകളുമുള്ള ഈ ഉത്സവാഘോഷത്തിന്റെ ഓര്‍മയ്ക്കാണ് പുലിക്കളി നടത്തി വരുന്നത്. ഈ കലാരൂപം അവതരിപ്പിക്കുന്ന കലാകാരന്മാര്‍ അന്നേദിവസം കടുവയുടെ ശരീരത്തിലുള്ളതു പോലുള്ള വരകളും, കടുവയുടെ മുഖവും ശരീരത്തില്‍ വരയ്ക്കുകയും, മുഖത്ത് കടുവയുടെ മുഖം മൂടിയും വെച്ച്‌ ചെണ്ട വാദ്യമേളങ്ങള്‍ക്കനുസരിച്ച്‌ നൃത്തം വെയ്ക്കുകയും ചെയ്യുന്നു. ഉടുക്കും, തകിലുമാണ് വാദ്യങ്ങളായി ഉപയോഗിക്കാറുള്ളത് . പുലികളെക്കൂടാതെ ഒരു വേട്ടക്കാരനും ഈ സംഘത്തില്‍ ഉണ്ടായിരിക്കും.

കടും മഞ്ഞ നിറത്തിലുള്ളതും, കറുപ്പ് നിറത്തിലുള്ളതുമായ ചായങ്ങളാണ് കൂടുതലായും വരയ്ക്കുവാന്‍ ഉപയോഗിക്കുന്നത്. പ്രത്യേകം പരിശീലനം സിദ്ധിച്ച ആളുകളാണ് ഈ കലാരൂപം അവതരിപ്പിക്കാറുള്ളത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്‌ തൃശൂരിന്റെ പുലിക്കളി. കളിക്കാര്‍ പുലിയുടെ രൂപത്തിലുള്ള മുഖാവരണം ധരിക്കുകയും മഞ്ഞയും കറുപ്പും ചായം കൊണ്ട് ശരീരമാസകലം വരകള്‍ ഇടകലര്‍ത്തി വരച്ചിരിക്കുകയും ചെയ്യും. വരയന്‍ പുലികളുടെയും പുള്ളിപ്പുലികളുടെയും കൂട്ടത്തില്‍ പെണ്‍പുലികളായും കുട്ടിപ്പുലികളായും വേഷമിട്ടുവരുന്നവരുണ്ടാകും. മുഖാവരണം അണിഞ്ഞിരിക്കുന്നതിനാല്‍ മുഖഭാവങ്ങള്‍ക്കു പ്രസക്തിയില്ല. എന്നാല്‍ വയറു കുലുങ്ങുന്ന രീതിയില്‍ പ്രത്യേകതയാര്‍ന്ന തുള്ളിക്കളി രസകരമായ കാഴ്ചയാണ്. 


ഓണത്തെയ്യം

തെയ്യങ്ങളുടെ നാടായ ഉത്തരകേരളത്തില്‍ ഓണത്തിന്‌ മാത്രമുള്ള തെയ്യമാണ്‌ ഓണത്തെയ്യം. മഹാബലി സങ്കല്‍പ്പത്തിലുള്ള ഈ നാട്ടുദൈവത്തിന്‌ 'ഓണത്താര്‍' എന്നാണ്‌ പേര്‌. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം എന്നീ നാളുകളില്‍ ചെറിയ ആണ്‍കുട്ടികളാണ്‌ ഓണത്താര്‍ തെയ്യം കെട്ടുക. മുഖത്ത്‌ തേപ്പും ചെറിയ മുടിയും വലതുകൈയ്യില്‍ മണിയും ഇടതുകൈയ്യില്‍ ഓണവില്ലുമായി തെയ്യം വീടുതോറും കൊട്ടിപ്പാടി ആടിക്കുന്നു. ഒപ്പം വണ്ണാന്‍മാര്‍ ചെണ്ടകൊട്ടുകയും പാടുകയും ചെയ്യുന്നു. അസുര ചക്രവര്‍ത്തിയായ മഹാബലിയുടെ ചരിത്രമാണ്‌ ഓണത്താര്‍ പാട്ടിന്റെ ഉള്ളടക്കം. കണ്ണൂര്‍ ജില്ലകളിലാണ്‌ ഈ തെയ്യം ഏറ്റവും പ്രചാരത്തിലുള്ളത്‌.

കുമ്മാട്ടിക്കളി

തൃശൂര്‍,പാലക്കാട്,വയനാട് തുടങ്ങിയ ജില്ലകളില്‍ പ്രചാരത്തിലുള്ള ഒരു നാടന്‍ കലാരൂപമാണ് കുമ്മാട്ടി. പാലക്കാട്,വയനാട് ജില്ലകളുടെ ചില ഭാഗങ്ങളില്‍ കുമ്മാട്ടി ദേവപ്രീതിക്കായും വിളവെടുപ്പിനോട് അനുബന്ധിച്ചും ആഘോഷിക്കുന്നു. ഈ ഭാഗങ്ങളില്‍ ഓണത്തപ്പനെ വരവേല്‍ക്കാനായും കുമ്മാട്ടി ആഘോഷിക്കുന്നുണ്ട്.

ഓണത്തല്ല്

ഓണക്കാല വിനോദങ്ങളില്‍ ഏറ്റവും പഴക്കമേറിയ ഇനമാണ്‌ ഓണത്തല്ല്‌. ഓണപ്പട,കൈയ്യാങ്കളി എന്നും ഇതിന്‌ പേരുണ്ട്‌.എ.ഡി.രണ്ടാമാണ്ടില്‍ മാങ്കുടി മരുതനാര്‍ രചിച്ച 'മധുരൈ കാഞ്ചിയില്‍' ഓണത്തല്ലിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്‌. പില്‍ക്കാലത്ത്‌ നാട്ടിന്‍പുറങ്ങളില്‍ സാധാരണക്കാരും ഇതഭ്യസിച്ചു തുടങ്ങി. തല്ല്‌ പരിശീലിപ്പിക്കുന്ന കളരികളും ഉത്ഭവിച്ചു തുടങ്ങി. മൈസൂര്‍ ആക്രമണകാലം വരെ മലബാറിലും ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ ആയുധനിയമം വരുംവരെ തിരുവിതാംകൂറിലും കൊച്ചിയിലും ഓണത്തല്ല്‌ ആചരിച്ചുപോന്നിരുന്നു. ഈയടുത്ത കാലം വരെ മുടങ്ങാതെ ഓണത്തല്ല്‌ നടത്തിയത്‌ തൃശൂരിനടുത്ത്‌ കുന്നംകുളത്തുമാത്രം. 

തലപ്പന്ത് കളി

ഓണക്കാലത്ത് കുട്ടികളും യുവാക്കളും പങ്കെടുക്കുന്ന മറ്റൊരു വിനോദമാണ് തലപന്തു കളി. മൈതാനത്തും വീട്ട്മുറ്റത്തും കളിക്കാവുന്ന ഈ വിനോദത്തില്‍ ക്രിക്കറ്റ്കളി പോലെ ആകയുള്ളവര്‍ രണ്ട് സംഘങ്ങളായി പിരിഞ്ഞ് ഒരു കൂട്ടര്‍ കളിക്കുകയും മറ്റേ കൂട്ടര്‍ കാക്കുകയും ചെയ്യുന്നു. ഏകദേശം 150 സെ.മീ നീളമുള്ള ഒരു കമ്പ് നാട്ടി ആ കമ്പില്‍ നിന്ന് കുറച്ചകലത്തില്‍ നിന്നുകൊണ്ട് ഓലകൊണ്ടുണ്ടാക്കിയ പന്ത് ഒരു കൈകൊണ്ട് മുകളിലേക്കെറിഞ്ഞ് മറ്റേ കൈകൊണ്ട് പന്ത് പുറകോട്ട് തട്ടിതെറിപ്പിച്ച്‌ കളി തുടരുന്നു. പൊങ്ങി വരുന്ന പന്ത് നിലം തൊടുന്നതിനു മുമ്പായി കാക്കുന്നവര്‍ കൈപ്പിടിയില്‍ ഒതുക്കിയാലും പന്ത് വീണിടത്ത് നിന്നെറിഞ്ഞ് നാട്ടിയിരിക്കുന്ന കോല്‍ തട്ടിത്തെറിപ്പിക്കാനും കഴിഞ്ഞാല്‍ പന്ത് തട്ടിയ ആള്‍ കളിക്ക് പുറത്താകും. തലപന്ത്, ഒറ്റ, പെട്ട, പിടിച്ചാന്‍, താളം, കാലിങ്കീഴ്, ഇണ്ടന്‍, ചക്കരകൈ എന്നിങ്ങനെ വ്യത്യസ്തങ്ങളായ എട്ടിനങ്ങള്‍ ഈ വിനോദത്തിലുണ്ട്.

കൈകൊട്ടിക്കളി

നാടൻ കലാരൂപത്തിന്റെ സ്വഭാവം കലർന്ന തിരുവാതിരകളിയുടെ മറ്റൊരു രൂപമാണ് കൈകൊട്ടിക്കളി . ഓണനാളുകളിൽ സ്ത്രീകൾ അകത്തളങ്ങളിൽ മാത്രം കളിച്ചു വന്നിരുന്ന ഈ കളി പിന്നീട് മുറ്റത്തേക്കും, പൂക്കളത്തിനു ചുറ്റുമായി കളിച്ചു തുടങ്ങി .