ആര്‍പ്പുവിളിയും അട്ടഹാസവും കഴിഞ്ഞ് ഒരാള്‍ ആദ്യം കളത്തിലിറങ്ങും. എതിര്‍ചേരിയിലെ കാഴ്ചയില്‍ തുല്യനായ മറ്റൊരാള്‍ കളരിയിലിറങ്ങിയാല്‍ തല്ല് ആരംഭിക്കും. 

ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയ ഇനമാണ്‌ ഓണത്തല്ല്‌. ഓണപ്പട, കൈയ്യാങ്കളി എന്നും ഇതിന്‌ പേരുണ്ട്. കളരി അഭ്യാസ മുറകളുമായി ഓണത്തല്ലിന് നല്ല സാമ്യമുണ്ട്. ചാണകം മെഴുകി പ്രത്യേകം തയ്യാറാക്കിയ നല്ല വീതിയും നീളവുമുള്ള തറയിലാണ് ചിലയിടങ്ങളില്‍ തല്ല് നടക്കുക. 26 അടി വീതിയും 46അടി നീളവും ഉള്ള കളങ്ങളാണ് ഇതിന് ഒരുക്കുന്നത്. തറക്ക് രണ്ടുവശത്തുമായി തല്ലുകാര്‍ അഭിമുഖമായി അണിനിരക്കും. അങ്കത്തട്ടില്‍ ആയുധമില്ലാതെ രണ്ടുപേര്‍ ഉടുത്തുകെട്ടി കച്ചമുറുക്കി പരസ്പരം തല്ലുകയും തടുത്ത് തല്ലുകൊള്ളാതിരിക്കുകയും ചെയ്യുന്നു. ഉടുമുണ്ട് തറ്റുടുത്ത് രണ്ടാംമുണ്ട് അരയില്‍ കെട്ടമുറുക്കിയുമാണ് തല്ലിന് ഇറങ്ങുന്നത്.


ആര്‍പ്പുവിളിയും അട്ടഹാസവും കഴിഞ്ഞ് ഒരാള്‍ ആദ്യം കളത്തിലിറങ്ങും. എതിര്‍ചേരിയിലെ കാഴ്ചയില്‍ തുല്യനായ മറ്റൊരാള്‍ കളരിയിലിറങ്ങിയാല്‍ തല്ല് ആരംഭിക്കും. റഫറിമാരും നിയമങ്ങളുമൊക്കെ ഓണത്തല്ലിനും ഉണ്ടായിരുന്നു. കൈ നിവര്‍ത്തി കൈത്തലം പരത്തി മാത്രമേ അടിയും തടയും പാടുള്ളൂ. കൈചുരുട്ടി ഇടിക്കുക, കാല്‍ വാരുകയോ പിടിക്കുകയോ ചെയ്യുക, ചവിട്ടുക, കെട്ടിപ്പിടിക്കുക എന്നിവ ചെയ്താല്‍ ഫൌളാണ്. കളിക്കളത്തില്‍ നിന്ന് പുറത്താകും.

പാരമ്പര്യത്തിന്റെ ചട്ടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ഇന്നും നടത്തപ്പെടുന്ന ഓണത്തല്ല് ഒരുപാട് ആരാധകരുള്ള കായികാഭ്യാസ പ്രകടനമാണ്. ഉഴിച്ചിലും പിഴിച്ചിലും കഴിച്ച് നീണ്ടനാളത്തെ അഭ്യാസം നടത്തിയവര്‍ക്കു മാത്രം പങ്കടുക്കാന്‍ കഴിയുന്ന വിനോദമാണിത്.