Asianet News MalayalamAsianet News Malayalam

അറിയാം ഓണത്തിന്റെ ഐതിഹ്യം....

പ്രിയ ജനതയെ ആണ്ടിലൊരിക്കല്‍ വന്നു കണ്ടുകൊള്ളാന്‍ മഹാബലിക്ക് വാമനന്‍ നല്‍കിയ അവസരമാണ് തിരുവോണമായി കേരളീയര്‍ ആഘോഷിക്കുന്നത്.

symbolic meaning of onam
Author
Kochi, First Published Aug 11, 2021, 7:04 PM IST

ഓണത്തെ സംബന്ധിച്ച് നിരവധി ഐതിഹ്യങ്ങളുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയം മഹാബലിയുടേതാണ്. മഹാബലി എന്നൊരു അസുര ചക്രവര്‍ത്തി നാടു ഭരിച്ചിരുന്നു. എല്ലായിടത്തും ജയിച്ചവനായിരുന്ന മഹാബലിയുടെ ഗ‍ർവ്വ് മാറ്റുന്നതിന് വാമനനെന്ന ബ്രാഹ്മണ ബാലനായി മഹാവിഷ്ണു അവതരിച്ച്, തപസ്സു ചെയ്യുവാന്‍ മൂന്നടി മണ്ണ് മഹാബലിയോട് ചോദിച്ചു. മഹാബലി അതു നല്‍കാമെന്നു സമ്മതിച്ചു. തല്‍ക്ഷണം പ്രപഞ്ചത്തോളം വലിയ ആകാരം കൈക്കൊണ്ടു വാമനന്‍ രണ്ടടി കൊണ്ട് ഭൂമിയും ആകാശവും അളന്ന ശേഷം മൂന്നാമത്തേത് എവിടെയെന്ന ചോദ്യത്തിന് സത്യവാനായ ബലി ചക്രവര്‍ത്തി സ്വന്തം ശിരസ്സു കുനിച്ചു കൊടുത്തു. വാമനന്‍ ആ ശിരസ്സില്‍ ചവിട്ടി മഹാബലിയെ പാതാളത്തിലേക്കയച്ചു. തന്റെ പ്രിയ ജനതയെ ആണ്ടിലൊരിക്കല്‍ വന്നു കണ്ടുകൊള്ളാന്‍ മഹാബലിക്ക് വാമനന്‍ നല്‍കിയ അവസരമാണ് തിരുവോണമായി കേരളീയര്‍ ആഘോഷിക്കുന്നത്.

കേരളീയരാണ് ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെകേരളത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ്‌ ഓണത്തെക്കുറിച്ചുളള ആദ്യപരാമർശങ്ങൾ കാണുന്നത്‌. തിരുമാൾ (മഹാവിഷ്ണു)വിന്റെ ജന്മദിനമായിട്ടാണ് ഓണം ആഘോഷിക്കുന്നതെന്ന് മധുരൈകാഞ്ചി 590 മുതലുള്ള അടികളിൽ പറയുന്നു. പിന്നീട് കാർഷികവും വാണിജ്യവുമായി അതു മാറി. കർക്കടകമാസത്തിന് ശേഷം മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം.

പരശുരാമകഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടുണ്ട്‌. വരുണനിൽനിന്ന്‌ കേരളക്ഷേത്രത്തെ മോചിപ്പിച്ച്‌ ബ്രാഹ്മണർക്ക്‌ ദാനം നൽകിയ പരശുരാമൻ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യർത്ഥനയെ തുടർന്ന്‌ വർഷത്തിലൊരിക്കൽ തൃക്കാക്കരയിൽ അവതരിക്കുമെന്ന്‌ വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ഓണമെന്നും സങ്കൽപ്പമുണ്ട്‌. ഇതും കെട്ടുകഥയാണെന്നു തന്നെയാണ്‌ നിഗമനങ്ങൾ.പരശുരാമനെക്കുറിച്ചുള്ള കഥകൾ വിവരിക്കുന്ന കൃതികൾ പത്താം നൂറ്റാണ്ടിനു ശേഷം രചിക്കപ്പെട്ടവയാണ്.  പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട 'ഉണ്ണുനൂലി സന്ദേശ'ത്തിലും അഞ്ചാം ശതകത്തിലെഴുതിയ ഉദുണ്ഡശാസ്‌ത്രികളുടെ കൃതിയിലും ഓണത്തെപ്പറ്റി പരാമർശമുണ്ട്‌. 1286ൽ മതപ്രചാരണാർത്ഥം എത്തിയ ഫ്രയർ ഒഡോറിക്കും 1347ൽ കോഴിക്കോട്‌ താമസിച്ചിരുന്ന റീഗ്‌ നെല്ലിയും മഹാബലിയുടെ തിരിച്ചുവരവിനെപ്പറ്റി ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്‌. എ.ഡി. 1200ൽ കേരളം സന്ദർശിച്ച അഡീറിയക്കാരൻ 'പിനോർ ജോൺ' തന്റെ കൃതിയായ 'ഓർമ്മകളിൽ' ഇപ്രകാരം എഴുതുന്നു.  "ഇവിടെ സവിശേഷമായ ഒരു ഉത്സവം നടക്കുന്നുണ്ട്‌. നല്ലവനായ ഒരു ഭരണാധികാരിയുടെ സ്മരണയാണ്‌ അതിൽ നിറഞ്ഞു നിൽക്കുന്നത്‌. ജനങ്ങൾ വളരെ സന്തോഷത്തോടെയാണ്‌ ഈ നാളുകളിൽ കഴിയുന്നത്‌. പല കളികളും കാണിച്ച്‌ അവർ സന്തോഷം പങ്കിടുന്നു."

 

Follow Us:
Download App:
  • android
  • ios