ചോറിനു മുകളില്‍ ആദ്യം പരിപ്പാണ് ഒഴിക്കേണ്ടത്, ഇതിനു മുകളിലായി നെയ്യ് വിളമ്പും. 

കേരളത്തിലങ്ങോളമിങ്ങോളം ഓണസദ്യയുടെ പാചകത്തിലും വിളമ്പലിലും പലതരത്തിലുമുള്ള വ്യത്യാസങ്ങളുണ്ട്. ഇരുപത്തിയാറിലധികം വിഭവങ്ങള്‍ ചേരുന്നതാണ് പരമ്പരാഗതമായ ഓണസദ്യ. വിഭവങ്ങളുടെ എണ്ണം പഴയകാലത്ത് ഇതിലും അധികമായിരുന്നു. തൂശനിലയില്‍ ഉപ്പേരിയും പപ്പടവും പായസവും കറികളും തോരനും മെഴുക്കുപുരട്ടിയും തൊടുകറികളും പഴവും നെയ്യും ഉപ്പും ചേരുമ്പോള്‍ ഓണസദ്യ പൂര്‍ണ്ണമാകും. സദ്യ വിളമ്പുന്നതിനുമുണ്ട് ചിട്ടവട്ടങ്ങള്‍. ഇല ഇട്ട് ഇരിക്കുന്ന ആളിന്റെ വലതുവശംചേര്‍ന്നു വേണം ഇലയുടെ മുറിഭാഗം വരേണ്ടത്. തൂശന്‍ ഭാഗം ഇടതുഭാഗത്തും. ഇലയുടെ ഇടതുഭാഗത്തായി മുകളില്‍ നിന്നും വേണം വിലമ്പിത്തുടങ്ങേണ്ടത്. പഴം,പപ്പടം, ശര്‍ക്കരവരട്ടി, ഉപ്പേരി, പപ്പടം എന്നിവ ആദ്യം വിളമ്പണം. അടുത്തതായി മാങ്ങ, ഇഞ്ചി, നാരങ്ങ, തോരന്‍, ഓലന്‍, അവിയല്‍, പച്ചടി, കിച്ചടി, എരുശ്ശേരി, കൂട്ടുകറി, ഉപ്പ് എന്നിവ ക്രമത്തില്‍ വിളമ്പണം. ഊണുകഴിക്കുന്ന ആള്‍ ഇരുന്നതിനു ശേഷം വേണം ചോറു വിളമ്പേണ്ടത് എന്നതാണ് ചിലയിടങ്ങളിലെ ചിട്ട. കുത്തരിയാണ് മിക്കവാറും ഓണനാളില്‍ തിരഞ്ഞെടുക്കുന്നത്.

ചോറിനു മുകളില്‍ ആദ്യം പരിപ്പാണ് ഒഴിക്കേണ്ടത്. ഇതിനു മുകളിലായി നെയ്യ് വിളമ്പും. പപ്പടം, പരിപ്പില്‍ കുഴച്ച് ഊണാരംഭിക്കും. അടുത്തതായി സാമ്പാറും കാളനോ, പുളിശ്ശേരിയോ വിളമ്പും. രസം ഇതിനുശേഷമാണ് വിളമ്പുക. ഊണ് പൂര്‍ത്തിയാകുന്ന മുറക്ക് പായസം വിളമ്പും. ചിലയിടങ്ങളില്‍ പായസത്തിനൊപ്പം മധുര ബോളി ചേര്‍ത്ത് കഴിക്കുന്നതും പതിവാണ്. അവസാനം മോര് വിളമ്പുന്നതോടെ സദ്യപൂര്‍ത്തിയാകും. ചിലര്‍ മോരും കൂട്ടി അല്പ്പം ചോറു കഴിക്കുന്നതും സാധാരണയാണ്. ചിലസ്ഥലങ്ങളില്‍ രസം മോരിനൊപ്പം അവസാനമായാണ് വിളമ്പുക. മിക്കവരും പായസത്തോട് തന്നെ സദ്യ കഴിക്കല്‍ അവസാനിക്കുന്നതാണ് പതിവ്.

ഓണ സദ്യയിലെ പ്രധാന വിഭവങ്ങൾ ഇവയാണ്. 

1) ചിപ്‌സ്
2) ശര്‍ക്കര വരട്ടി
3) പഴം
4) പപ്പടം
5) ഉപ്പ്
6) ഇഞ്ചി
7) നാരങ്ങ
8) മാങ്ങ
9) വെള്ള കിച്ചടി
10) ഓലന്‍
11) ചുവന്ന കിച്ചടി
12) മധുരക്കറി
13) തീയല്‍
14) കാളന്‍
15) വിഴുക്കു പുരട്ടി (മെഴുക്ക്പുരട്ടി എന്നും പറയും)
16) തോരന്‍
17) അവീല്‍
18) കൂട്ടുകറി
19) ചോറ്
20) പരിപ്പ്
21) നെയ്യ്
22) സാമ്പാര്‍
23) അടപ്രഥമന്‍
24) ഗോതമ്പ് പായസം
25) പുളിശ്ശേരി
26) രസം
27) മോര്