കഴിഞ്ഞ സെപ്റ്റംബര്‍ 22നാണ് ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പനിയും നിര്‍ജ്ജലീകരണവുമാണ് രോഗകാരണമെന്നായിരുന്നു. ആശുപത്രിവൃത്തങ്ങള്‍ ആദ്യം പുറത്തുവിട്ട വിവരം. എന്നാല്‍ മുഖ്യമന്ത്രി ജയലളിത 74 ദിവസം ആശുപത്രിയില്‍ കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇത് സംബന്ധിച്ച് ഒര് വിശദീകരണവും ഉണ്ടായില്ല. ഏറെ ദുരൂഹതയുണര്‍ത്തുന്ന നടപടികളാണ് അപ്പോളോ ആശുപത്രിയുടെ ഭാഗത്തുനിന്ന് തൂടക്കം മുതലേ ഉണ്ടായത്. സ്ഥിരീകരണമില്ലാത്ത പല വാര്‍ത്തകളും ആശുപത്രിയില്‍ നിന്നു പുറത്തു വന്നു. ജയലളിത സുഖംപ്രാപിച്ചു വരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിന്റെ പിറ്റേദിവസം, അവര്‍ മരുന്നുകളോടു പ്രതികരിക്കുന്നില്ല, എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നു. പിന്നീട് അവര്‍ സ്‌പീക്കര്‍ വഴി സംസാരിക്കാന്‍ തുടങ്ങിയെന്ന് അറിയിപ്പുണ്ടായി. അങ്ങനെയുള്ള അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍, ചില രാഷ്ട്രീയ നേതാക്കളുമായി ജയ ചര്‍ച്ച നടത്തിയെന്നും, സുപ്രധാന തീരുമാനങ്ങള്‍ എടുത്തുവെന്നുതരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. ജയലളിത സുഖം പ്രാപിച്ചുവരുന്നതായും അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ആശുപത്രിയില്‍നിന്ന് ഡിസ്ച്ചാര്‍ജ്ജ് വാങ്ങി പോകാമെന്നുമായിരുന്നു അപ്പോളോ ചെയര്‍മാന്‍ ഡോ പ്രതാപ് സി റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞത്. പിന്നീട് പെട്ടെന്ന് ഹൃദ്രോഗം വന്ന് ഗുരുതരാവസ്ഥയിലായതായി അറിയിപ്പ് വന്നു. തുടര്‍ന്ന് ഡിസംമ്പര്‍ അഞ്ചിന് രാത്രി പതിനൊന്നരയോടെ മരണം സംഭവിച്ചുവെന്ന അറിയിപ്പുണ്ടായി. മരണസമയത്തെക്കുറിച്ചും ആശയക്കുഴപ്പം നിലനില്‍ക്കുന്നു. അതിനും എത്രയോ നേരത്തെ മരിച്ചിട്ടാകാമെന്നാണ് സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ ഇതില്‍നിന്നും തികച്ചും വ്യത്യസ്ഥമായ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അപ്പോളോ ആശുപത്രി മാനേജ്‌മെന്റ് അംഗം ഒരു മാധ്യമ പ്രവര്‍ത്തകക്ക് നല്‍കിയ ഇ-മെയില്‍ സന്ദേശത്തിലെ ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തായത്. ഇത്പ്രകാരം, പ്രമേഹരോഗിയായ ജയലളിതക്ക് തെറ്റായ മരുന്ന് നല്‍കി ഗുരുതരാവസ്ഥയിലായപ്പോഴാണ് ആശുപത്രിയിലെത്തിച്ചതത്രേ. സംഗതി ഇങ്ങനെയാണെങ്കില്‍ മരണത്തിലെ ദുരൂഹത വര്‍ധിക്കുകയാണ്. കാരണം ആശുപത്രിയിലെത്തിച്ചതിന്റെ തലേദിവസം ജയ ചെന്നൈയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുകയും വളരെ പ്രസന്നവദയായി കാണപ്പെടുകയും ചെയ്തു. പിന്നെ വളരെ പെട്ടെന്നെങ്ങനെയാണ് അവര്‍ ഗുരുതരാവസ്ഥയിലായത് എന്ന ചോദ്യം ബാക്കിയാകുന്നു. ജയലളിത മരിക്കുന്നതിന് ഏതാനും മണിക്കുറുകള്‍ക്കു മുമ്പാണ്, ഈ ഇ-മെയില്‍ സന്ദേശമയച്ചിരിക്കുന്നത്. എന്‍ഡിടിവി കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ ബര്‍ക്കാ ദത്തിന്, അപ്പോളോ അശുപത്രി ചെയര്‍മാന്‍ ഡോ പ്രതാപ് സി റെഡ്ഡിയുടെ മകളാണ് സന്ദേശമയച്ചത്. റെഡ്ഡിയുടെ മകള്‍ ആശുപത്രിയുടെ ഡയറക്ടര്‍ ബോര്‍ഡംഗവും ഡോക്ടറുമാണ്. അതുകൊണ്ടുതന്നെ മെയിലിലെ ഉള്ളടക്കം സത്യമെന്നുറപ്പിക്കാം. ഇത്രയും വിവാദമായ ഇ-മെയില്‍ സന്ദേശം പുറത്തായിട്ടും അതിനെപ്പറ്റി പ്രതികരിക്കാന്‍ അപ്പോളോ ആശുപത്രിയോ എന്‍ഡിടിവിയോ തയ്യാറാകാത്തത് പ്രശ്‌നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. ജയലളിതയുടെ ആരോഗ്യവിവരം സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടാത്തതില്‍ അണ്ണാഡിഎംകെ അണികള്‍ക്കിടയിലുള്‍പ്പെടെ കടുത്ത അമര്‍ഷമുണ്ട്. ജയയുടെ അസുഖം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന്, പ്രതിപക്ഷപാര്‍ട്ടികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ജയയുടെ മരണത്തെപ്പറ്റി അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയിലും ഹര്‍ജിയെത്തി.

പ്രമേഹം ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്ന് ജയലളിതയുടെ കാലുകള്‍ രണ്ടും മുറിച്ചുമാറ്റിയിരുന്നതായ റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തുവരുന്നു. രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചിരുന്ന മ്യതദേഹത്തില്‍നിന്നും ഇത് വ്യക്തമാണ്. എന്നാല്‍ ഇതു സംബന്ധിച്ചും അപ്പോളോയില്‍നിന്നും വിശദീകരണമുണ്ടായില്ല.

ജയലളിതയുടെ കാലുകള്‍ മുറിച്ചുമാറ്റിയിരുന്നത് സംബന്ധിച്ച് വന്ന റിപ്പോര്‍ട്ടുകള്‍

ജയയുടെ മരണം സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്...

1) ജയലളിതയെ അപ്പോളോയില്‍ പ്രവേശിപ്പിക്കുന്നതിന്റെ തലേദിവസം അവര്‍ വളരെ സന്തോഷവതിയായാണ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. സെപ്റ്റംമ്പര്‍ 21നു നടന്ന ചെന്നൈ മെട്രോ ഉദ്ഘാടന ചടങിന്റെ ദ്യശ്യങ്ങള്‍ പത്ര മാധ്യമങ്ങളില്‍ വന്നതാണ്. എന്നാല്‍ തൊട്ടടുത്തദിവസം ജയയെങ്ങെനെയാണ് അതീവ ഗുരുതരാവസ്ഥയിലായത് (ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് ഇപ്പോള്‍ പുറത്തായ അപ്പോളോയുടെ മെയില്‍ സന്ദേശം വ്യക്തമാക്കുന്നു) ?

2) വളരെ നാളുകളായി പ്രമേഹരോഗിയായ ജയക്ക് പെട്ടെന്നെങ്ങനെയാണ് മരുന്ന് തെറ്റുന്നത് ?

3) ഒരു മുഖ്യമന്ത്രിക്ക് മരുന്ന് മാറി കൊടുക്കുമോ ? കൊടുത്തെങ്കില്‍ ആരാണ് അങ്ങനെ ചെയ്തത് ?

4) ജയയുടെ എല്ലാകാര്യങ്ങളിലും ഒപ്പമുള്ള തോഴി ശശികല അറിയാതെ മരുന്ന് മാറുമോ ?

5) ശരിക്കും മരുന്ന് മാറിയതാണോ അതല്ലെങ്കില്‍ മറ്റെന്തെങ്കിലും വിഷാംശം നല്‍കിയതാണോ? എന്നിട്ട് മരുന്ന് മാറിയെന്ന് അപ്പോളോയെ തെറ്റിദ്ധരിപ്പിച്ചതോ ?

6) രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്ന ജയലളിതയുടെ മുഖത്ത്, 74 ദിവസം ചികില്‍സയില്‍ കഴിഞ്ഞതിന്റെ യാതൊരു ലക്ഷണങ്ങളുമില്ലായിരുന്നു. എന്തുകൊണ്ട് ?

7) ജയലളിതയുടെ ആശുപത്രിവാസവുമായി ബന്ധപ്പെട്ട് നിരവധി കിംവദന്തികളും ഊഹാപോഹങ്ങളും പരന്നിരുന്നു. ദുരൂഹത നീക്കാനായി ജയ ചികില്‍സയില്‍ കഴിയുന്നതിന്റെ ഒരു ചിത്രവും സര്‍ക്കാരോ അപ്പോളോയോ പുറത്തുവിടാഞ്ഞതെന്തുകൊണ്ട്?

8) പനിയും നിര്‍ജ്ജലീകരണവും മൂലമാണ് ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നായിരുന്നു ഔദ്ദ്യോഗികവിശദീകരണം. വിദഗ്ധ ഡോക്ടര്‍മാരുടെ ചികില്‍സ ലഭിച്ചിട്ടും ഇത്രയും നിസ്സാര അസുഖം മരണത്തിലേക്ക് നയിക്കുമോ ?

9) ജയയുടെ കാലുകള്‍ മുറിച്ചുമാറ്റിയിരുന്നോ ? എന്തായിരുന്നു കാരണം ?

10) ജനാധിപത്യസംവിധാനത്തില്‍ മുഖ്യമന്ത്രി പദവിയിലുള്ളയാളുടെ രോഗവിവരം അറിയാനുള്ള പൗരന്റെ അവകാശം എന്തുകൊണ്ടാണ് നിഷേധിച്ചത് ?

11) ദേശീയനേതാക്കളടക്കം അപ്പോളോയിലെത്തിയെങ്കിലും ആരെയും ജയലളിതയെ കാണിക്കാതിരുന്നത് എന്തുകൊണ്ട് ?

12) എന്തുകൊണ്ടാണ് ഭരണത്തിലോ ഭരണകക്ഷിയായ അണ്ണാഡിഎംകെയിലോ യാതൊരു പദവിയും വഹിക്കാത്ത ശശികലയെമാത്രം ജയയെ കാണാനനുവദിച്ചു ?

13) അപ്പോളോയിലെ 74 ദിവസം ശശികല ആരൊക്കെയുമായാണ് ബന്ധപ്പെട്ടത് ?

14) ആരുടെ നിയന്ത്രണത്തിലാണ് ജയയുടെ ചികില്‍സ നടന്നത് ?

15) ജയലളിതക്ക് മസ്തിഷ്‌ക്കമരണം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. പിന്നെ എന്തിനാണ് എക്‌മോ സംവിധാനം പെട്ടെന്ന സ്വിച്ച് ഓഫ് ചെയ്ത്, ജയയെ മരണത്തിലേക്ക് നയിച്ചത്. അതല്ലായിരുന്നുവെങ്കില്‍ ജയ കുറച്ചുദിവസംകൂടി ജീവിച്ചരിക്കുമായിരുന്നില്ലേ. ആരാണ് അപ്പോളോക്ക് ഇതുസംബന്ധിച്ച സുപ്രധാന നിര്‍ദ്ദേശം നല്‍കിയത് ?

16) ജയയുടെ മരണത്തില്‍ ദുരൂഹതയില്ലായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ അസുഖം സംബന്ധിച്ച യഥാര്‍ത്ഥവിവരം പുറത്തുവിടാത്തത് ?

17) രക്തത്തിലുണ്ടായ അണുബാധ ഓരോരോ അവയവങ്ങളെ കാര്‍ന്നു തിന്നുന്ന അവസ്ഥയിലായിരുന്നു ജയലളിതയെന്ന് അപ്പോളോ സ്ഥിരീകരിച്ചിരുന്നു. എങ്ങനെയാണ് അണുബാധയുണ്ടായത്.?

18) ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സെപ്റ്റംബര്‍ 22നും ഡിസംബര്‍ അഞ്ചിനുമിടയില്‍ എന്തൊക്കെ സുപ്രധാനമായ തീരുമാനങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ എടുത്തത്? ആരാണ് ഇതിനുപിന്നില്‍ ?

19) ജയലളിതയുടെ ജീവിതത്തിലും മരണത്തിലും ശശികലയുടെ റോള്‍ എന്തായിരുന്നു ?

20) 74 ദിവസത്തെ ആശുപത്രി വാസത്തിനിടയില്‍ എന്താണ് ജയയുടെ ജീവിതത്തില്‍ സംഭവിച്ചത് ?

21) 74 ദിവസത്തെ ആശുപത്രി വാസത്തിനിടയില്‍ ശശികല രാത്രികാലങ്ങളില്‍ പുറത്തുപോയി എന്ത് രഹസ്യയോഗങ്ങളിലാണ് പങ്കെടുത്തത് ?

ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍. ഉത്തരം നല്‍കേണ്ടവര്‍ മൗനം പാലിക്കുന്നു. ജയലളിതയെ കൊലപ്പെടുത്തിയതാണെന്ന തെഹല്‍ക്കയുടെ വെളിപ്പെടുത്തല്‍ ശരിയാണെന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. ജയലളിതയുടെ മരണകാരണത്തെക്കുറിച്ചോ അസുഖത്തെ കുറിച്ചുള്ള ക്യത്യമായ വിവരങ്ങള്‍ പുറത്തുവിടാത്തത് സംശയം ബലപ്പെടുത്തുന്നു. രക്തത്തിലുണ്ടായ അണുബാധ ഓരോരോ അവയവങ്ങളെ കാര്‍ന്നു തിന്നുന്ന അവസ്ഥയിലായിരുന്നു ജയലളിതയെന്ന് അപ്പോളോയും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, അണുബാധയുടെ കാരണം കണ്ടെത്താനോ, അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതിന്റെ കാരണം കണ്ടെത്താനോ അപ്പോളോക്ക് സാധിച്ചിരുന്നില്ല. കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനങ്ങള്‍ പതുക്കെപതുക്കെ നിലച്ചു വരുന്ന സാഹചര്യമാണ് അവസാനത്തെ 75 ദിവസമായി കാണാനായത്. ഏറ്റവും ഒടുവില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ പോലും ബാധിച്ചതോടെയാണ് മരണം സംഭവിച്ചത്.

ചിന്നമ്മയില്‍ നിന്നും അമ്മയാകാന്‍ ശ്രമിക്കുന്ന, തോഴി ശശികലയിലേക്കാണ് സംശയങളുടെ മുന നീളുന്നത്. മുഖ്യമന്ത്രി ഓ പനീര്‍ശെല്‍വമടക്കുമുള്ള നേതാക്കളുടെ എതിര്‍പ്പുകള്‍ തല്‍ക്കാലത്തേക്കെങ്കിലും തണുപ്പിക്കാന്‍ ശശികലക്കായി. ശശികലയുടെ നിയന്ത്രണത്തിലുള്ള ജയ ടിവിയില്‍, ശശികലയെ അമ്മയായി വാഴ്ത്താനുള്ള ശ്രമം തുടങ്ങി. വേദനിലത്തില്‍ നിരവധി പ്രവര്‍ത്തകരെ എത്തിച്ച് ശശികലയോട് ജനറല്‍ സെക്രട്ടറി സ്ഥാനവും മുഖ്യമന്ത്രിസ്ഥാനവും ഏറ്റെടുക്കെണമെന്നാവശ്യപ്പെടുന്ന ദ്യശ്യങ്ങളാണ്, ജയാ ടിവി സംപ്രേഷണം ചെയ്യുന്നത്. ഇതിനിടെ മുന്‍ മുഖ്യമന്ത്രിമാരായ സി എന്‍ അണ്ണാദുരൈക്കും എംജിആറിനും ജയലളിക്കുമൊപ്പമുള്ള ശശികലയുടെ വന്‍കട്ടൗട്ടുകള്‍ സംസ്ഥാനത്തുടനീളം നിരന്നുകഴിഞ്ഞു. എന്നാല്‍ ശശികലയുടെ ചിത്രത്തിനുമേല്‍ ചാണകവെള്ളം തളിച്ചാണ് ഒരു വിഭാഗം പാര്‍ട്ടിപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ജയയെ ശശികല വിഷം നല്‍കി കൊല്ലുകയായിരുന്നുവെന്നാണ് ഒരു വിഭാഗം അണ്ണാഡിഎംകെ അനുയായികള്‍ ആരോപിക്കുന്നത്. പെണ്‍സിംഹമിരുന്ന കസേരയില്‍ തട്ടിപ്പുകാരിയായ ശശികലയെ ഇരുത്തില്ലെന്നും അവര്‍ പറയുന്നു. ഇക്കാര്യങ്ങളുന്നയിച്ച് ഇവര്‍ വേദനിലയിത്തന് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു.

(വേദനിലയത്തിന് മുന്നില്‍ ശശികലയ്‌ക്കെതിരെ പ്രതിഷേധിക്കുന്നു)

ഏതായാലും 27 വര്‍ഷമായ ജയലളിത കയ്യാളിയിരുന്ന അണ്ണാഡിഎംകെ ജനറല്‍സെക്രട്ടറി സ്ഥാനവും ശശികല ഉറപ്പിച്ചുകഴിഞ്ഞു. ജയയുടെ മണ്ഡലമായ ആര്‍ കെ നഗറില്‍ മല്‍സരിച്ച് ജയിച്ച് മുഖ്യമന്ത്രിക്കസേരയിലെത്താനുള്ള ശ്രമത്തിലാണ് ചിന്നമ്മ. അമ്മ' യെപ്പോലെ എല്ലാവരെയും ചൊല്‍പ്പടിയില്‍ നിര്‍ത്തി'ചിന്നമ്മ' ശശികലക്ക്, മുഖ്യമന്ത്രി പദം വെട്ടിപ്പിടിക്കാനാവുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്...