തിരുവനന്തപുരം: റൂബിക്‌സ് ക്യൂബും റോളർ സ്‌കേറ്റിംഗും, രണ്ടും അത്യാവശ്യം ബുദ്ധിമുട്ടാണ്. എന്നാൽ ഇവ ഒരേസമയം ചെയ്യുന്ന പത്തു വയസ്സുകാരനുണ്ട് തിരുവനന്തപുരം പോത്തൻകോട്. റുബിക്‌സ് ക്യൂബ് പിടിച്ച് ഒരേ നിരയിലുള്ള ചക്രങ്ങളിൽ ദേവസാരംഗ് കുതിച്ചുകയറിയത് ഇന്ത്യ വേൾഡ് റെക്കോർഡ്സ് ഉൾപ്പടെയുള്ള നേട്ടങ്ങളിലേക്കാണ്.

സാരംഗിന് നിൽക്കാൻ നേരമില്ല. ഒരേ സമയം ഉരുളുകയും തിരിക്കുകയും ചെയ്യണം. കൈകളും കാലും തലച്ചോറും മാന്ത്രിക വേഗത്തിൽ പായും. ഒരു റൗണ്ടടിച്ച് വരുമ്പോഴേക്കും റൂബിക്‌സ് ക്യൂബ് സോൾവ് ചെയ്തു കഴിഞ്ഞു.

മുന്നോട്ടുമാത്രമല്ല കേട്ടോ. ക്യൂബും കൊണ്ട് പിന്നോട്ടുമോടും ദേവസാരംഗ്. കണ്ണ് കെട്ടി പാഞ്ഞാലും ലക്ഷ്യം തെറ്റില്ല. ഒമ്പത് റുബിക്‌സ് ക്യൂബുകൾ 13 മിനിറ്റ് 43 സെക്കന്റിൽ സ്‌കേറ്റിംഗിനൊപ്പം സോൾവ് ചെയ്‌തായിരുന്നു ദേവസാരംഗ് ഇന്ത്യ വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയത്. 2019ൽ മുംബൈയിൽ വച്ച് നടന്ന റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി സ്വർണ്ണ മെഡൽ നേടിയിരുന്നു ഈ മിടുക്കൻ.

പോത്തൻകോട് പണിമൂലയിൽ വാടക വീട്ടിലാണ് വർഷങ്ങളായി ദേവസാരംഗിന്‍റെ കുടുംബം താമസിക്കുന്നത്. പരിശീലനത്തിന് വേണ്ട തുക കണ്ടെത്താൻ ബുദ്ധിമുട്ടാണെങ്കിലും മകന്റെ ആഗ്രഹത്തിന് പൂർണ്ണ പിന്തുണയുമായി കുടുംബം കൂടെയുണ്ട്. ഏഷ്യാ ബുക് ഓഫ് റെക്കോഡ്സിൽ ഇടം നേടാനുള്ള പ്രയത്നത്തിലാണിപ്പോൾ സാംരംഗ്.